കനത്ത മഴയിലും ആവേശം ചോരാതെ തൃശൂരിന്റെ നഗരവീഥികളില്‍ പുലികള്‍ നിറഞ്ഞാടി. പെണ്‍കരുത്ത് തെളിയിച്ച് പന്ത്രണ്ടു വനിതകളും ദേഹത്തു ചായം പുരട്ടി പുലികളായി ആടിതിമിര്‍ത്തു.
രാവിലെ ആറു മണിക്കു തുടങ്ങിയ ദേഹത്തു ചായംപൂശല്‍ നട്ടുച്ചയ്ക്കു തീരുമ്പോള്‍ നല്ല വെയില് . മൂന്നു മണിയോടെ പുലിമടയില്‍ നിന്ന് പുലികള്‍ തെരുവിലേക്കിറങ്ങി. ചുട്ടുപൊള്ളുന്ന വെയിലില്‍ പുലിത്താളത്തിനൊപ്പം പുലികള്‍ തകര്‍ത്തു കളിച്ചു. അരമണിക്കിലുക്കത്തിനൊപ്പം കാഴ്ചക്കാരും ലയിച്ചതോടെ ആവേശം വാനോളമെത്തി. ഇതിനിടെയാണ്, കാഴ്ചയുടെ രസംകെടുത്തി മഴയെത്തിയത്. വെയിലു മാറി പെരുമഴ പെയ്തെങ്കിലും പുലികളുടെ ചുവടിന് താളംതെറ്റിയില്ല. പക്ഷേ, ചെണ്ട നനയാതിരിക്കാന്‍ പ്രത്യേക ഷീറ്റ് മൊത്തത്തില്‍ മറച്ചായിരുന്നു സംഘാടകര്‍ പുലിത്താളമിട്ടത്.
രണ്ടു മണിക്കൂര്‍ വരെ വൈകി പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചപ്പോഴേയ്ക്കും നേരം ഇരുട്ടി. നിശ്ചല ദൃശ്യങ്ങളും മഴയില്‍ കുതിര്‍ന്നു. പ്രതികൂല കാലാവസ്ഥയിലും റോഡിനിരുവശത്തും കെട്ടിടത്തിനു മുകളിലും അണിനിരന്ന് തൃശൂരുകാര് പുലിക്കളിയുടെ ആവേശം വീണ്ടും െതളിയിച്ചു. ഇനി, അടുത്ത പുലിക്കളിയ്ക്കു കാണാമെന്ന ധാരണയില്‍ പുലിക്കൂട്ടം വഴിപിരിഞ്ഞു.