തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ നിരക്ക് കൂട്ടി. നാലു ചക്രവാഹനങ്ങള്‍ ഇന്നു മുതല്‍ 105 രൂപ ടോള്‍ നല്‍കണം.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെയാണ് വര്‍ധന. 95 രൂപയായിരുന്നു നാലു ചക്ര വാഹനങ്ങള്‍ക്കുള്ള നിലവിലെ ടോള്‍. ഇത് 105 രൂപയായാണ് ഉയര്‍ത്തിയത്. ഒരു വശത്തേയ്ക്കു മാത്രമാണ് യാത്രയെങ്കില്‍ എഴുപതു രൂപ നല്‍കണം. നേരത്തെ, ഇത് 65 രൂപയായിരുന്നു. ചരക്കു ലോറികള്‍ക്ക് ഇനി മുതല്‍ 180 രൂപയാണ് ടോള്‍. കൂറ്റന്‍ ലോറികള്‍ക്ക് 360 രൂപയും. 2012 ഫെബ്രുവരി ഒന്‍പതിന് ടോള്‍ പ്ലാസ നിലവില്‍ വരുമ്പോള്‍ 65 രൂപയായിരുന്നു നിരക്ക്. ഈ തുക അഞ്ചു വര്‍ഷം കൊണ്ട് 105 രൂപയായി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരം വച്ച് ടോള്‍ നിരക്ക് കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്, തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇമെയില്‍ , ഫാക്സ് സന്ദേശങ്ങള്‍ അയച്ചു.
കരാറിലെ വ്യവസ്ഥ പ്രകാരം ടോള്‍ നിരക്ക് വര്‍ധിപ്പിച്ചെന്നാണ് ദേശീയപാതയുടെ വിശദീകരണം. എന്നാല്‍ , കരാറില്‍ പറയുന്ന സൗകര്യങ്ങള്‍ ദേശീയപാതയില്‍ ഇല്ലെന്നാണ് ആക്ഷേപം. റീ ടാറിങ് നടത്തുന്നില്ലെന്ന് പരാതിയുണ്ട്.