കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ നടുവൊടിഞ്ഞ് കൊച്ചി നഗരവാസികള്‍. നഗരത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ ഇതുവരെ നടപടിയില്ല. തകര്‍ന്ന റോഡിനൊപ്പം ഓണത്തിരക്കുകൂടിയായതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നഗരം. എറണാകുളം നഗരത്തിലെ യാത്രക്കാരുടെ ദുരിതം, ദിവസം മുഴുവന്‍ നീളുന്ന എറണാ'കുളം' സവാരി കാംപയിനിലൂടെ മനോരമ ന്യൂസ് പ്രേക്ഷകരിലെത്തിക്കുന്നു.
മെട്രോ വന്നപ്പോള്‍ , കൊച്ചി പഴയ കൊച്ചിയല്ല എന്ന് അഭിമാനത്തോടെ പറഞ്ഞവരെല്ലാം, ഇന്ന് കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ കണ്ട് തലയില്‍ കൈവയ്ക്കുകയാണ്. തകര്‍ന്നു തരിപ്പണമായ കൊച്ചിയിലെ റോഡിനെക്കുറിച്ച് പരാതിയില്ലാത്ത നാട്ടുകാരില്ല. ബസ് ഡ്രൈവര്‍മാര്‍ മുതല്‍ കാല്‍നടയാത്രക്കാര്‍ വരെ തകര്‍ന്ന റോഡിന്റെ ഇരകളാണ്. വലിയ കുഴിയില്‍ ടൂവീലറുകള്‍ മറിഞ്ഞുവീഴുന്നതും ഇവിടെ പതിവാണ്.
കൊച്ചി നഗരവാസികളുടെ ഈ യാത്രാദുരിതം മനോരമ ന്യൂസ് പ്രേക്ഷകരിലെത്തിക്കുകയാണ് എറണാകുളം സവാരിയെന്ന പ്രത്യേക കാംപയിനിലൂടെ. പ്രേക്ഷകര്‍ക്കും പങ്കെടുക്കാം, പ്രതികരിക്കാം. കുളമായ റോഡുകള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവയുടെ ചിത്രങ്ങളോ കുഴികള്‍ക്ക് സമീപത്തുനിന്ന് സെല്‍ഫി വീഡിയോ എടുത്തോ പങ്കുവയ്ക്കാം. 9846061421 എന്ന വാട്സാപ്പ് നമ്പറിലോ facebook.com/manoramanews ഫെയ്സ്ബുക്ക് പേജിലേക്കോ അയക്കാം.