രണ്ടിടത്ത് ബി.ജെ.പിക്ക് മല്‍സരിക്കാന്‍ ആളായില്ല; 'സ്ഥാനാര്‍ഥിയെ ആവശ്യമുണ്ട്' പോസ്റ്റര്‍ ഇറക്കി തൃണമൂല്‍

bjp-candidates-bengal
SHARE

ബംഗാളിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സാധിക്കാത്ത അസന്‍സോള്‍, ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി 'സ്ഥാനാര്‍ഥിയെ ആവശ്യമുണ്ട്' എന്ന പോസ്റ്റര്‍ പതിപ്പിച്ചു. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് രണ്ട് മണ്ഡലങ്ങളും. 

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയാണ് ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള നിലവിലെ എംപി. ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയാണ് അസന്‍സോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 

ബോജ്പൂരി ഗായകന്‍ പവന്‍ സിങിനെയാണ് ബി.ജെ.പി അസന്‍സോള്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ബംഗാളി സ്ത്രീകള്‍ക്കെതിരായ മുന്‍കാല അധിക്ഷേപങ്ങളുടെ പേരില്‍ മല്‍സരത്തില്‍ നിന്ന് പവന്‍ പിന്‍മാറുകയായിരുന്നു. പവന്‍റെ പിന്‍മാറ്റത്തോടെ ബി.െജ.പിക്ക് സ്ഥാനാര്‍ഥിയില്ലാതായെന്ന് തൃണമൂല്‍ നേതാവ് റിജ്ജു ദത്ത പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ തൃണമൂല്‍ വെല്ലുവിളിക്കുകയും ചെയ്തു.  

രണ്ട് മണ്ഡലങ്ങളിലും തൃണമൂലിനായി സിറ്റിങ് എംപിമാരാണ് വീണ്ടും മല്‍സരിക്കുന്നത്. ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നാണ്. തൃണമൂല്‍ കോണ്‍ഗ്രസും ബി.െജ.പിയും ഇടത്– കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് ബംഗാളില്‍ മല്‍സരം. 

MORE IN INDIA
SHOW MORE