അര്‍ധരാത്രി കാമുകിയെ കാണാനെത്തി; 23കാരനെ പൂട്ടിയിട്ട് തല്ലിക്കൊന്ന് ബന്ധുക്കള്‍

crime-punjab
SHARE

കാമുകിയെ കാണാന്‍ അര്‍ധരാത്രി മുറിയിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വജ്രാഭരണ നിര്‍മാണ തൊഴിലാളിയായ മെഹുല്‍ സോളാങ്കി എന്ന 23കാരനെയാണ് കാമുകിയുടെ ബന്ധുക്കള്‍ അടിച്ചുകൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

മെഹുല്‍ സോളാങ്കിയും 21കാരിയായ കാമുകിയും തമ്മില്‍ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി അമ്മാവന്‍റെ വീട്ടില്‍ താമസിക്കാനായെത്തിയിരുന്നു. അമ്മാവന്‍റെ മകള്‍ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ കൂട്ടുനില്‍ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ അര്‍ധരാത്രിയായതോടെ കാമുകനായ മെഹുല്‍ സോളാങ്കിയെ വിളിച്ച് അമ്മാവന്‍റെ വീട്ടിലേക്ക് വരാന്‍ പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. 

പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം മെഹുല്‍ സോളാങ്കി രാത്രിയോടെ ഒന്നരയോടെ വീട്ടിലെത്തി. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ സഹോദരന്‍ ശക്തി ബാരിയ അറിഞ്ഞു. തുടര്‍ന്ന് അമ്മാവനായ മഹിപാത്തിനെയും ബന്ധുവായ ഗോഹിലിനെയും ശക്തി വിവരമറിയിച്ചു. രാത്രി രണ്ടുമണിയോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ അടക്കമുളളവര്‍ അമ്മാവന്‍റെ വീട്ടിലെത്തുകയും മെഹുല്‍ സോളാങ്കിയെ പെണ്‍കുട്ടിയോടൊപ്പം മുറിയില്‍ നിന്നും പിടികൂടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

തുടര്‍ന്ന് രണ്ടുമണിക്കൂറോളം പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മെഹുല്‍ സോളാങ്കിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ബെല്‍റ്റുകൊണ്ടും കയറുകൊണ്ടും യുവാവിനെ മാരകമായി തല്ലിപ്പരുക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍‍ട്ട്. പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി മെഹുല്‍ സോളാങ്കിയുെട സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവര്‍ സംഭവസ്ഥലത്തെത്തുകയും ചെയ്തതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന മര്‍ദ്ദനം അവസാനിച്ചത്. 

ഗുരുതരമായി പരിക്കേറ്റനിലയിലാണ് മെഹുല്‍ സോളങ്കിയെ പ്രതികള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഉടന്‍ തന്നെ യുവാവിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. മെഹുലിന്‍റെ മരണത്തിന് കാരണം യുവതിയുടെ ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടി മെഹുലിന്‍റെ സഹോദരന്‍ പൊലീസിന് പരാതി നല്‍കി.

23 year old killed by girlfriend's brother and cousins

MORE IN INDIA
SHOW MORE