ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; സഞ്ജയ് സിങ്ങിന് ജാമ്യം

Sanjay-Singh
SHARE

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍  ആംആദ്മി പാര്‍ട്ടി എം.പി.സഞ്ജയ് സിങ്ങിന് ജാമ്യം. സഞ്ജയ്  സിങ്ങിന് കസ്റ്റഡി ഇനി ആവശ്യമില്ലെന്ന് ഇഡി  വ്യക്തമാക്കിയതോടെയാണ് സുപ്രീകോടതി ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിനെതിരെ ഒരു തുമ്പും കണ്ടെത്തിയിട്ടില്ലെന്ന് വാദത്തിനിടെ  കോടതി നീരീക്ഷിച്ചു. ജനാധിപത്യം വിജയിച്ച ദിവസമെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു. സഞ്ജയ് സിങ് നാളെ മോചിതനായേക്കും.

മദ്യനയഅഴിമതിയിലെ  കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സഞ്ജയ് സിങ്ങ് ആറു മാസത്തിന് ശേഷമാണ് ജയില്‍ മോചിതനാവുന്നത് .  ഈ കേസില്‍  അറസ്റ്റിലായരില്‍   ജാമ്യം ലഭിക്കുന്ന ആദ്യ നേതാവാണ്.  കേസിന്‍റെ വസ്തുതകളിലേക്ക് അധികം കടക്കാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന്‍റെ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സഞ്ജയ് സിങ്ങിന്  ജാമ്യകാലയളവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നും എന്നാല്‍ ജാമ്യം നല്‍കിയ  ഉത്തരവ് കീഴ് വഴക്കമായി  കണക്കാക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്താന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.  സജ്ജയ് സിങ്ങിന്‍റെ കസറ്റഡി ആവശ്യമുണ്ടോ എന്ന് വ്യക്തത വരുത്താന്‍ ഇഡി അഭിഭാഷകനോട് വാദത്തിനിടെ കോടതി നിര്‍ദേശിച്ചു. ഇഡിക്ക് അഭിപ്രായമില്ലെങ്കില്‍ കേസിന്‍റെ വസ്തുത പരിശോധിച്ച് ജാമ്യം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.  ഇതോടെ   കേസിന്‍റെ വസ്തുതകളിലേക്ക് കടക്കാതെ ജാമ്യം അനുവദിക്കാമെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. മാപ്പു സാക്ഷിയായ ദിനേശ് അറോറയുടെ മൊഴിമാത്രമാണ് സഞ്ജയ്  സിങ്ങിനെതിരെയുള്ളതെന്നും പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി വാദിച്ചു.  ഈ വാദം ശരിവെച്ച സുപ്രീംകോടി സഞ്ജയ്  സിങ്ങിനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും  നിരീക്ഷണം നടത്തി.  ജാമ്യം ഒരു അവകാശവും ജയില്‍ ഒരു അപവാദവുമാകണമെന്ന്  വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 

വിചാരണക്കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കേണ്ടതിനാല്‍ സുപ്രീംകോ‍ടതി ഉത്തരവ് റൗസ് അവന്യൂ കോടതിയിലെത്തിയ ശേഷമേ സഞ്ജയ് സിങ്ങിന് ജയില്‍ മോചിതനാകാനാവൂ. മുഖ്യമന്ത്രി അരവിന്ദ് കേജ​രിവാള്‍ കൂടി  ജയിലിലേക്ക് പോയതോടെ പ്രതിസന്ധിയിലായ  ആംആദ്മിക്ക് ജീവവായുമാണ് സഞ്ജയ് സിങ്ങിന്‍റെ ജാമ്യം. 

Sanjay Singh granted bail in Delhi liquor corruption case

MORE IN INDIA
SHOW MORE