ആളിക്കത്തി കച്ചത്തീവ്; ബിജെപി ശ്രമം ചൈനയുടെ കൈയ്യേറ്റത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോണ്‍ഗ്രസ്

Katchatheev
SHARE

കച്ചത്തീവ് വിട്ടുകൊടുത്ത കോണ്‍ഗ്രസിന് രാജ്യത്തെ എങ്ങിനെ രക്ഷിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയം ആളിക്കത്തിക്കുന്നതില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കച്ചത്തീവിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ചൈനയുടെ കൈയ്യേറ്റത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് മോദിയെ ഉന്നമിട്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കച്ചത്തീവിന്‍റെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് കേന്ദ്രധനമന്ത്രി മറുപടി നല്‍കി. ദേശീയരാഷ്ട്രീയം കച്ചത്തീവിന് ചുറ്റുമാണ്. തമിഴ് രാഷ്ട്രീയത്തിന്റെ അതിരിനപ്പുറത്തേയ്ക്ക് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കി പ്രധാനമന്ത്രി ഉത്തരാഖണ്ഡ് രുദ്രപുരിലെ റാലിയില്‍ കച്ചത്തീവ് പ്രശ്നം ഉന്നയിച്ചു. 2020 മേയ്ക്ക് ശേഷം എത്ര പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്നും എന്തുകൊണ്ട് ആ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. 

അതേസമയം, അരനൂറ്റാണ്ട് പഴക്കമുള്ള കരാര്‍ വീണ്ടും പരിശോധിക്കുന്നത് സെല്‍ഫ് ഗോളാകുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ് ശങ്കര്‍ മേനോന്‍ പ്രതികരിച്ചു. ഭരണനേതൃത്വം ഇപ്പോള്‍ കച്ചത്തീവ് ഉന്നയിക്കുന്നത് രാജ്യത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ശിവ് ശങ്കര്‍ മേനോന്‍ പ്രതികരിച്ചു. രാഷ്ട്രീയ ചര്‍ച്ചകള്‍ ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കാമെന്നും മുന്‍ സര്‍ക്കാരിന്‍റെ കരാറിനെ ഇപ്പോഴത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്താല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കരാറുകളെ ഭാവിയിലെ സര്‍ക്കാരുകള്‍ ഇല്ലാതാക്കാമെന്നും മുന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് മാറരുതെന്നും പഴയ കരാറുകള്‍ പുന:പരിശോധിക്കുന്നത് മോശം മാതൃക സൃഷ്ടിക്കുമെന്നും ശ്രീലങ്കയിലെ ഇന്ത്യയുടെ മുന്‍ സ്ഥാനപതി അശോക് കാന്ത കൂട്ടിച്ചേര്‍ത്തു. കച്ചത്തീവിന്‍റെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വാദം തെറ്റാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 1974ലെ കരാറിലൂടെ ഇന്ത്യ ഭൂമി ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് 2015ല്‍ മോദി ഭരണകാലത്ത് വിദേശകാര്യമന്ത്രാലയം വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയെക്കുറിച്ച് എന്തുകൊണ്ട് ബിജെപി സംസാരിക്കുന്നില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം ചോദിച്ചു.

National politics revolves around Katchatheeve

MORE IN INDIA
SHOW MORE