അമേഠിയിൽ രാഹുലിന് വിജയ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍; റായ്ബറേലിയില്‍ സസ്പെൻസ്

ruhul-priyanka
SHARE

അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. മത്സരിക്കാൻ ഇതുവരെ തീരുമാനമില്ലെന്ന് ഇന്ത്യ മുന്നണി റാലിക്കെത്തിയ പ്രതിപക്ഷ നേതാക്കളോട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. അമേഠിയിൽ രാഹുലിന്  വിജയിക്കാനുള്ള സാഹചര്യം ഇല്ലെന്നും പ്രിയങ്ക കൂടി പാർലമെൻറിൽ എത്തിയാൽ കുടുംബാധിപത്യം എന്ന ആരോപണം ശക്തമാകും എന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കമെനാണ്  സൂചന. 

ഡൽഹിയിൽ നടന്ന ഇന്ത്യ റാലിക്കിടെ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ടോ എന്ന പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിനാണ് ഇതുവരെ  അത്തരം തീരുമാനം ഇല്ലെന്ന് രാഹുലും പ്രിയങ്കയും സ്വകാര്യ സംഭാഷണത്തിൽ മറുപടി നൽകിയത്. പ്രചാരണത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അമേഠിലെ കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും രാഹുലിന്റെ പ്രചാരണ സംഘം ഇതുവരെയും മണ്ഡലത്തിലെത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധി റായ്ബറലിയിൽ വരുന്നതിന്റെ ഒരു സൂചനയും ജില്ലയിലെ നേതാക്കൾക്കില്ല. അമേഠിൽ 2019ലെ തോൽവിക്ക് ശേഷം കാര്യമായ ശ്രദ്ധ കോൺഗ്രസ് നൽകിയിട്ടില്ല എന്നതിനാൽ രാഹുൽ വീണ്ടും മത്സരിച്ച് പരാജയപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തരുതെന്നാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

സോണിയ ഗാന്ധിക്കും രാഹുലിനും പുറമേ ഗാന്ധി കുടുംബത്തിൽ നിന്ന് പ്രിയങ്ക കൂടി പാർലമെൻറിലേക്ക് എത്തുന്നത് കുടുംബാധിപത്യം എന്ന ബിജെപി ആരോപണം ശക്തമാക്കുകയും തിരിച്ചടിയാവുകയും ചെയ്യും എന്ന ആശങ്കയും പാർട്ടിക്കുണ്ട്. വർഷങ്ങളായി ഗാന്ധി കുടുംബത്തിന് മേൽ വലിയ ഭാരവും സമ്മർദ്ദവുമായി തുടരുന്ന യുപിയിൽ നിന്ന് അകലം പാലിക്കുന്നതിന്‍റെ ഭാഗമാണിതെന്ന  വിലയിരുത്തലുകളുമുണ്ട്. രാഹുലും പ്രിയങ്കയും മാറിനിൽക്കുകയാണെങ്കിൽ രണ്ടു മണ്ഡലത്തിലേക്കും പകരം ആളെ കണ്ടെത്തുക കോൺഗ്രസിന് അടുത്ത കടമ്പയാകും.

MORE IN INDIA
SHOW MORE