കച്ചത്തീവ് വിട്ടു നല്‍കിയതില്‍ വിമര്‍ശനം; ഡിഎംകെയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

modii
SHARE

 

കച്ചത്തീവ് ദ്വീപ് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസിനു പിന്നാലെ ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി. വാചകമടിയല്ലാതെ തമിഴ്നാടിന്‍റെ താല്‍പര്യം സംരക്ഷിക്കാന്‍ ഡിഎംകെ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ഡിഎംകെയും വീഴ്ച്ചകള്‍ മറച്ചുവച്ച് കൈകഴുകുകയാണെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. 

തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകവേ കച്ചത്തീവിന്‍റെ രാഷ്ട്രീയം ബിജെപി ആളിക്കത്തിക്കുകയാണ്. കോണ്‍ഗ്രസിനെയും ഡിഎംകെയെയും ഉന്നമിട്ടുള്ള ആക്രമണം മുന്നില്‍ നിന്ന് നയിക്കുന്നത് പ്രധാനമന്ത്രിയും. 1974ല്‍ കച്ചത്തീവ് ദ്വീപ് ഇന്ദിരാ ഗാന്ധി ശ്രീലങ്കയ്ക്ക് വിട്ടു നല്‍കിയത് എം കരുണാനിധിയുടെ അറിവോടെയാണന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ കൂടി പുറത്തുവന്നു. ഡിഎംകെയുടെ ഇരട്ടത്താപ്പ് പരസ്യമായതായി മോദി എക്സില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെയും ഡിഎംകെയിലെയും നേതാക്കള്‍ സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ബിജെപി ദേശീയ ആസ്ഥാനത്ത് വിദേശകാര്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. കച്ചത്തീവ് ഒരു പ്രാധാന്യവുമില്ലാത്ത സ്ഥലമാണെന്നായിരുന്നു നെഹ്റുവിന്‍റെ നിലപാട് എന്ന് ജയ്ശങ്കര്‍. കച്ചത്തീവ് പ്രശ്നം മൂലം 20 വര്‍ഷത്തിനിടെ ഇന്ത്യക്കാരായ 6184 മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. കച്ചത്തീവ് പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

കച്ചത്തീവ് വിവാദം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. പത്ത് വര്‍ഷം കുംഭകര്‍ണനെപ്പോലെ ഉറക്കത്തിലായിരുന്നവരാണ് ഇപ്പോള്‍ മല്‍സ്യത്തൊഴിലാളി സ്നേഹം കാണിക്കുന്നതെന്നും സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. തമിഴ്ജനത ബിജെപിയെയും ആര്‍എസ്എസിനെയും പ്രധാനമന്ത്രിയെയും തിരസ്ക്കരിച്ചതാണ് യഥാര്‍ഥ പ്രശ്നമെന്ന് കോണ്‍ഗ്രസ് ബിജെപിക്ക് മറുപടി നല്‍കി. പത്ത് വര്‍ഷം കിട്ടിയിട്ടും മോദി കച്ചത്തീവ് വിഷയത്തില്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ നടക്കുന്നത് ശ്രദ്ധ തിരിച്ചുവിടല്‍ മാത്രമാണെന്നും മാണിക്കം ടാഗോര്‍ ആരോപിച്ചു. 

MORE IN INDIA
SHOW MORE