പീഡനത്തിന് ഇരയായി; കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

dead-body
SHARE

വിശാഖപട്ടണത്ത് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. കോളജില്‍ വെച്ച് താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായും വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പുറത്തുവിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ഥി തന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. 

കുടുംബാംഗങ്ങള്‍ക്കായി നീണ്ട സന്ദേശം അയച്ചതിന് ശേഷമാണ്  യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ക്ഷമിക്കണം ചേച്ചി, ഞാന്‍ പോകുന്നു എന്ന സന്ദേശമാണ് പെണ്‍കുട്ടി അവസാനമായി ചേച്ചിക്ക് അയച്ചത്. വിശാഖപട്ടണം പോളിട്ടെക്നിക് കോളജിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. 

വ്യാഴാഴ്ച രാത്രി 10 മണിയോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം കോളജ് അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതായതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ 12.50ഓടെ പെണ്‍കുട്ടി മെസേജ് അയച്ചു. പേടിക്കേണ്ടെന്നും എന്തുകൊണ്ടാണ് പോകുന്നത് എന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ലെന്നും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ലെന്നുമാണ് പെണ്‍കുട്ടി വീട്ടുകാര്‍ക്ക് സന്ദേശം അയച്ചത്. 

എന്നെക്കുറിച്ച് മറന്നേക്കു. എന്നോട് ക്ഷമിക്കണം. എന്നെ വളര്‍ത്തിയതിന് അച്ഛനും അമ്മയ്ക്കും നന്ദി. എന്റെ അധ്യായം ഇവിടെ അവസാനിക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ സന്ദേശത്തില്‍ പറയുന്നത്. പിതാവിനോടായുള്ള സന്ദേശത്തിലാണ് താന്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പറയുന്നത്. എന്തുകൊണ്ട് ഞാന്‍ പരാതി നല്‍കിയില്ല എന്ന് ചിലപ്പോള്‍ അച്ഛന്‍ ചോദിച്ചേക്കാം. അതുകൊണ്ട് കാര്യമില്ല. അവര്‍ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് കാണിച്ച് ഭീഷണിപ്പെടുത്തുന്നു. മറ്റ് പെണ്‍കുട്ടികളും ഇത് നേരിടുന്നു, പെണ്‍കുട്ടിയുടെ സന്ദേശത്തില്‍ പറയുന്നു.

MORE IN INDIA
SHOW MORE