മഹാരാഷ്ട്രയിൽ മൂന്നാം മുന്നണി രൂപീകരിക്കണം; നീക്കവുമായി വഞ്ചിത് ബഹുജൻ അഘാഡി

maharashtra-munnam-munnani
SHARE

മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ ദലിത് പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡിയുടെ നീക്കം. മറാഠാ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലുമായും ദലിത് - ഒബിസി സംഘടനകളുമായും പ്രകാശ് അംബേദ്ക്കർ ചർച്ച തുടങ്ങി.

മൽസരിച്ചത് 47 ലോക്സഭാ സീറ്റുകളിൽ. 13 മണ്ഡലങ്ങളിൽ നേടിയത് ഒരു ലക്ഷത്തിൽ പരം വോട്ടുകൾ. വോട്ട് വിഹിതം 6.92 ശതമാനം. മഹാരാഷ്ട്രയിലെ ദലിത് മുഖമായി ഉയർന്നുവന്ന പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജൻ അഘാഡി 2019 ൽ കാഴ്ചവെച്ചത് വിസ്മയിപ്പിക്കുന്ന പ്രകടനം. ദലിത് വോട്ടുകൾ അടർത്തിയെടുത്ത് കോൺഗ്രസ് - എൻസിപി സഖ്യത്തെ എഴിടങ്ങളിൽ അന്ന് പരാജയത്തിലേക്ക് തള്ളിവിട്ടു. ഇക്കുറി മഹാവികാസ് അഘാഡി സഖ്യത്തെ കൊതിപ്പിച്ച് കടന്നു കളയുകയാണ് വിബിഎ . മൂന്നാം മുന്നണി എന്ന ലക്ഷ്യത്തിലേക്കാണ് നീക്കം. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ഒവൈസിയുടെ മജ്ലിസ് പാർട്ടി ഉണ്ടാകില്ല. പകരം ഒബിസി, ദലിത് പാർട്ടികളെയും സാമുദായിക സംഘടനകളെയും ഒപ്പം കൂട്ടാനാണ് ശ്രമം. മനോജ് ജരാങ്കെ പാട്ടീലുമായി ചർച്ചകൾ തുടങ്ങി.

എട്ട് സീറ്റുകളിൽ നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയെ എതിർക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും എന്തുകൊണ്ട് മഹാവികാസ് അഘാഡിയുമായി അവസാന നിമിഷം പിരിഞ്ഞു എന്നതിന് പാർട്ടിക്ക് വ്യക്തമായ ഉത്തരമില്ല. ബിജെപിയുടെ ബി- ടീമായി ഇത്തവണയും വിബിഎ മാറുന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമാണ്. 

Dalit party Vanjit Bahujan Aghadi's move to form a third front in Maharashtra

MORE IN INDIA
SHOW MORE