ബൈക്ക് ഡിവൈഡറിലിടിച്ചു; ശരീരം രണ്ടായി മുറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

gurugram-accident
SHARE

ഹരിയാനയിലെ ഗുരുഗ്രാമില്‍ ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ 27 വയസുകാരന് ദാരുണാന്ത്യം. ഐഐടി കാണ്‍പൂരിലെ ബിരുദധാരിയായ ഋതുജ് ബെനിവാളാണ് മരിച്ചത്. ഗോള്‍ഫ് കോഴ്സ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടം. അപകടത്തില്‍ യുവാവിന്‍റെ ശരീരം രണ്ടായി വേര്‍പ്പെട്ടതായും ബൈക്ക് പൂര്‍ണമായും തകര്‍ന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. 

വെള്ളിയാഴ്ച രാവിലെ 6.10 ഓടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടുന്ന ഋതുജ് അവധിദിവസങ്ങളില്‍ ബൈക്കുമായി പുറത്തു പോകാറുണ്ടായിരുന്നു. ഋതുജ് ഓടിച്ച കവാസാകി നിഞ്ച ZX 10RR ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലെ മെറ്റല്‍ കേബിളുകളില്‍ തട്ടിയാണ് ശരീരം രണ്ടായി വേര്‍പെടുന്നത്. തുടര്‍ന്ന് ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. ബൈക്കിന്‍റെ ഒരു ഭാഗം 200 മീറ്ററോളം അകലത്തിലേക്ക് തെറിച്ചു പോകുകയും ചെയ്തു.

അപകടം നടക്കുന്ന സമയം റോഡില്‍ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ബൈക്ക് മറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ല എന്ന് വ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. അമിതവേഗത കാരണം ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. രാവിലെ എട്ടുമണിയോടെ പൊലീസ് വിവരമറിയിക്കുമ്പോഴാണ് ഋതുജിനൊപ്പം താമസിക്കുന്നവര്‍ അപടകത്തെക്കുറിച്ച് അറിയുന്നത്. പൊലീസിനൊപ്പം സ്ഥലത്തെത്തിയ ഇരുവരും ഋതുജിനെ തിരിച്ചറിഞ്ഞു. 

അസ്വഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ബന്ധുക്കള്‍ പരാതി നല്‍കാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ റോഡുകളിൽ വാഹനമോടിക്കുമ്പോൾ വേഗപരിധി കർശനമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് പോലീസിന്‍റെ നിർദേശമുണ്ട്.

2020 ല്‍ നിന്നും ഐഐടി കാണ്‍പൂരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റിതുജ് ബെനിവാള്‍ സെക്ടര്‍ 30 ലെ ലോജിക് ഫ്രൂട് ടെക്നോളജീസ് എന്ന സ്ഥാപനത്തില്‍ മൊഡ്യൂള്‍ ലീഡായി ജോലി ചെയ്യുകയായിരുന്നു. സുശാന്ത് ലോകില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഋതുജ് താമസിച്ചിരുന്നത്. ഋതു‍ജിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Youth died in a fatal accident and severs body in to two.

MORE IN INDIA
SHOW MORE