‘അറിയാവുന്നത് ഭക്ഷണം പാകം ചെയ്യാൻ’; വനിതാ സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് നേതാവ്; വിവാദം

gayathri-shivashankarappa
ഗായത്രി സിദ്ധേശ്വര, ശാമന്നൂർ ശിവശങ്കരപ്പ
SHARE

ബി.ജെ.പി. സ്ഥാനാർഥിക്ക് നേരെ വിവാദ പരാമർശം നടത്തി മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ ശാമന്നൂർ ശിവശങ്കരപ്പ. കർണാടകയിലെ ദാവൻഗെര പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി ഗായത്രി സിദ്ധേശ്വരയ്ക്കെതിരേയായാണ് ശിവശങ്കപ്പയുടെ വിവാദ പരമാർശം. അവര്‍ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ല, ആകെ അറിയാവുന്നത് അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമാണെന്നായിരുന്നു ശിവശങ്കരപ്പ പറഞ്ഞത്.

‘നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മോദിക്കു വേണ്ടി ഒരു താമര പുഷ്പം നല്‍കണമെന്നാണ് ഗായത്രി സിദ്ധേശ്വരയുടെ ആഗ്രഹം. എന്നാല്‍ ദാവൻഗെരയിലെ പ്രശ്നങ്ങളെക്കുറിച്ചാണ് ആദ്യം അവര്‍ അറിയേണ്ടത്. ഞങ്ങൾ ഒരുപാട് വികസനപ്രവർത്തനങ്ങളാണ് അവിടെ ചെയ്തത്. ജനങ്ങളെ അഭിസംബോധന ചെയ്ത് നന്നായി സംസാരിക്കാന്‍ അറിയണം. എന്നാല്‍ അവർക്ക് ആകെ അറിയാവുന്നത് ഭക്ഷണം പാകം ചെയ്യാൻ മാത്രമാണ്. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശക്തി പ്രതിപക്ഷ പാർട്ടിക്കില്ല’ എന്നാണ് ശിവശങ്കരപ്പ പറഞ്ഞത്. 

പ്രതികരണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ഗായത്രിയും രംഗത്തെത്തി. ‘നമുക്ക് ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമേ അറിയൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സ്ത്രീകൾ ഇക്കാലത്ത് ഏത് ജോലിയാണ് ചെയ്യാത്തത്. വിമാനം വരെ പറത്തുന്നുണ്ട്. സ്ത്രീകൾ എന്തുമാത്രം വളർന്നു എന്ന് ഇത്രയും പ്രായമുള്ള ആൾക്ക് അറിയില്ല. സ്ത്രീകള്‍ എത്രത്തോളം സ്നേഹത്തോടെയാണ് വീട്ടിലുള്ളവര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നതെന്നും അദ്ദേഹത്തിന് അറിയില്ല’ എന്നായിരുന്നു ഗായത്രിയുടെ മറുപടി.

92 വയസ്സുകാരനായ ശാമന്നൂർ ശിവശങ്കരപ്പ തെക്കന്‍ ദാവൻഗെരയില്‍ നിന്ന് അഞ്ചു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയ ആളാണ്. അദ്ദേഹത്തിന്‍റെ മരുമകള്‍ പ്രഭ മല്ലികാർജുൻ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. 

Shamanur Shivashankarappa has sparked controversy with BJP candidate Gayathri Siddeshwara.

MORE IN INDIA
SHOW MORE