വിമാനം വൈകി; പ്രവൃത്തി ദിനം നഷ്ടപ്പെട്ട യുവാവിന് എയര്‍ ഇന്ത്യ 85,000 നഷ്ടപരിഹാരം നല്‍കണം

air-india-3
എയര്‍ ഇന്ത്യ | പ്രതീകാത്മക ചിത്രം
SHARE

വിമാനം വൈകിയതിനാല്‍ ഒരു പ്രവൃത്തി ദിവസം നഷ്ടമായ 33 കാരന് 85,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. 2018 ല്‍ ബാങ്കോക്ക്-മുംബൈ വിമാനം 24 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു യുവാവിന് ഒരു ജോലി ദിവസം നഷ്ടപ്പെട്ടത്.

ഞായറാഴ്ച ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ എത്തുന്ന രീതിയിലായിരുന്നു വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ വൈകിയ വിമാനം തിങ്കളാഴ്ച വൈകുന്നേരമാണ് തായ്‌ലൻഡ് വിടുന്നത്. ഇതോടെയാണ് യാത്രക്കാരനായ മോഹിത് നിഗം എയര്‍ ഇന്ത്യക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. രാത്രി എട്ട് മണിക്ക് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് വാങ്ങി ബോർഡിംഗ് ഗേറ്റിൽ കാത്തുനിന്നെങ്കിലും വിമാനം വൈകിയെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം പുലർച്ചെ മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരോട് പറഞ്ഞിരുന്നത്. അതിനാൽ, എല്ലാ യാത്രക്കാരും കയറി വിമാനം പുറപ്പെടുന്നതിനായി കാത്തിരുന്നു. എന്നാല്‍ പിന്നീട് വിമാനം റദ്ദാക്കിയതായി അറിയിച്ചു. ഈ ആശയക്കുഴപ്പം പുലർച്ചെ 5 മണി വരെ തുടർന്നു. തുടർന്ന് യാത്രക്കാർക്ക് കമ്പനി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

മോഹിത് നിഗം സേവനത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ചെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും ഒരു ദിവസത്തെ ജോലിനഷ്ടത്തിനും യുവാവിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിച്ചു. എന്നാല്‍ മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് തുകയായിരുന്നു യുവാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം കമ്മീഷന്‍ നിരസിച്ചു. യുവാവ് മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് റീഫണ്ട് ആവശ്യം ന്യായമല്ല എന്ന് കമ്മീഷന്‍ പറഞ്ഞത്. മറ്റൊരു വിമാന ടിക്കറ്റ് വാങ്ങിയിട്ടില്ലാത്തതിനാല്‍ അധിക ചിലവ് വഹിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായില്ല.

കമ്പനിയുടെ അനാസ്ഥയാണ് വിമാനം വൈകിയതിന് കാരണമെന്ന് മോഹിത് നിഗം സമര്‍പ്പിച്ച വിവരാകാശരേഖയിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. രേഖയില്‍ കമ്പനിയുടെ തെറ്റ് വ്യക്തമാണെന്നും കമ്മീഷന്‍ പറഞ്ഞു. മാർച്ച് 21 നായിരുന്നു മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി.

MORE IN INDIA
SHOW MORE