അഞ്ചു വയസുകാരിയെ ബലാല്‍സംഘം ചെയ്ത് കൊന്നു; പ്രതി അവളുടെ പ്രിയ്യപ്പെട്ട ‘ചാച്ചു’

SHARE
rape-arrest

ഡല്‍ഹിയിലെ ബവാനയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവ് കുട്ടിയോടും കുടുംബത്തോടും അടുപ്പമുള്ളയാളെന്ന് പൊലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചായക്കടയില്‍ ദിവസേന എത്തിയിരുന്ന ടോട്ടൻ ലോഹർ എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയോടും കുടുംബത്തോടും നാലു വര്‍ഷത്തോളം അടുപ്പം ഇയാള്‍ക്കുണ്ട്. 

ഒമ്പത് വർഷം മുമ്പാണ് ടോട്ടൻ ലോഹർ ജോലി തേടി ഡൽഹിയിലെത്തുന്നത്. പലപ്പോഴും കുട്ടിയോടൊപ്പം കളിക്കാറുള്ള അവനെ അവള്‍ സ്നേഹത്തോടെ ചാച്ചൂ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ അയാള്‍ കാണിച്ച ക്രൂരതയില്‍ നടുങ്ങി നില്‍ക്കുകയാണ് ഒരു ഗ്രാമം മുഴുവനും.

മാര്‍ച്ച് 24ന് ഹോളിയുടെ തലേദിവസമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. വർഷങ്ങളോളം വിവിധ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന ടോട്ടൻ ലോഹറിന് ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ഇവയെല്ലാം രണ്ട് ദിവസമെങ്കിലും അടച്ചിടുമെന്ന് അറിയാമായിരുന്നു. അത്തരത്തില്‍ ആളുകളുടെ സഞ്ചാരം കുറവുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി ഇയാള്‍ കണ്ടുവച്ചിരുന്നു. ഇവിടേക്കാണ് അയാള്‍ കുട്ടിയെ എത്തിക്കുന്നതും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്നതും. 

കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാർച്ച് 25ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് അതിലൊന്നിൽ പെൺകുട്ടി യുവാവിന്‍റെ കൂടെപ്പോകുന്നത് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

ഇയാളെത്തേടി പൊലീസ് ജോലിസ്ഥലത്തെത്തിയെങ്കിലും ഇയാള്‍ സ്ഥലം വിട്ടിരുന്നു. പരിചയമുള്ള തൊഴിലാളികളാണ് പ്രതി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോയിരിക്കുയാണെന്നും അവിടെ നിന്ന് പൂര്‍വ എക്സ്പ്രസില്‍ ഹൗറയിലേക്ക് പോകുകയാണെന്നും പൊലീസിനോട് പറയുന്നത്.

പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തുമ്പോളേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. പിന്നാലെ മാർച്ച് 26ന് രാവിലെ അന്വേഷണ സംഘം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ ഉദ്യോഗസ്ഥര്‍ അസൻസോളിലേക്കുള്ള ട്രെയിനിൽ കയറി പൂർവ എക്സ്പ്രസിനായി കാത്തുനിന്നു. ട്രെയിൻ എത്തിയപ്പോൾ മിനിറ്റുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. 

പൊലീസ് പിടികൂടിയപ്പോൾ താന്‍ ഒരു കുറ്റവും സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത് എന്നാല്‍ ഇയാള്‍ക്ക് കൃത്യത്തിൽ പങ്കുണ്ടെന്നതിന് തെളിവുകൾ പൊലീസ് ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. താൻ മദ്യപിച്ചെന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നുമാണ് യുവാവ് പറഞ്ഞതെങ്കിലും മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ മൃതദേഹവും സമീപത്തു നിന്നും ബ്ലേഡും ഇഷ്ടികയും കണ്ടെത്തി.

കുട്ടിക്ക് പ്രതിയെ നേരത്തെ പരിചയമുള്ളതിനാല്‍ കുട്ടി അയാള്‍ വിളിച്ചപ്പോള്‍ കൂടെപ്പോയിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. ഹോളിയുടെ തലേദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാൽ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പെണ്‍കുട്ടിയെ ജീവനോടെ വിട്ടാല്‍ അവള്‍ കാര്യങ്ങള്‍ മാതാപിതാക്കളോടു പറയുമെന്നും തന്നെ തിരിച്ചറിയുമെന്നും മനസിലാക്കിയാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തുന്നത്.

ഏറെനാളായി പ്രതി ക്രൂരകൃത്യം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നെന്നും മിഠായികള്‍ നല്‍കിയത് കുഞ്ഞുമായി അടുപ്പം സ്ഥാപിക്കാനാണെന്നുമാണ് പൊലീസ് കരുതുന്നത്. കുറ്റകൃത്യത്തിന് ശേഷവും അവിടെ തന്നെ തുടര്‍ന്ന യുവാവ് അടുത്ത ദിവസം രാവിലെ ട്രെയിനില്‍ കയറി സ്ഥലം വിടുകയായിരുന്നു. കൃത്യം എവിടെവച്ച് നടപ്പാക്കണമെന്നും എങ്ങനെ രക്ഷപ്പെടാമെന്നും അയാള്‍ക്ക് അറിയാമായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പോക്‌സോ, കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

MORE IN INDIA
SHOW MORE