ബി.ആര്‍.എസ് വാറങ്കല്‍ സ്ഥാനാര്‍ഥി രാജിവച്ചു; കോണ്‍ഗ്രസില്‍ ചേരും

BRS
SHARE

തെലങ്കാനയില്‍ ബി.ആര്‍.എസിനു കനത്ത തിരിച്ചടി. വാറങ്കല്‍ സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. വാറങ്കല്‍ മണ്ഡലത്തിലേക്കു പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ഥി കടിയം കാവ്യയും പിതാവും മുന്‍ഉപമുഖ്യമന്ത്രി കടിയം ശ്രീഹരിയുമാണു ബി.ആര്‍.എസ് വിട്ടത്. ഇരുവരും കോണ്‍ഗ്രസില്‍ ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിറകെ നേതാക്കന്‍മാര്‍ ഒന്നൊന്നായി ബി.ആര്‍.എസിനെ കയ്യൊഴിയുകയാണ്. ഒടുവിലെത്തേതാണു വാറങ്കലിലെ സ്ഥാനാര്‍ഥി കടിയം കാവ്യയുടെ രാജി. ദിവസങ്ങള്‍ക്കു മുന്‍പാണു കാവ്യയെ വാറങ്കലിലെ സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചു സിറ്റിങ് എം.പി. വന്‍സൂരി ദയാക്കര്‍, എം.എല്‍.എ. അല്ലൂരി രമേശ് എന്നിവര്‍ ബി.ആര്‍.എസിനോടു സലാം ചൊല്ലിയിരുന്നു.  ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ.ടി. രാമറാവു ബി.ആര്‍.എസിന്റെ തലപ്പത്തേക്കു വരുന്നതിനു മുന്‍പ് പാര്‍ട്ടിയിലെ രണ്ടാമനായിരുന്നു കാവ്യയുടെ അച്ഛന്‍, മുന്‍ ഉപമുഖ്യമന്ത്രികൂടിയായ കടിയം ശ്രീഹരി.നിലവില്‍ സ്റ്റേഷന്‍ ഖാന്‍പൂര്‍ എം.എല്‍.എയുമായ ശ്രീഹരിയും മകള്‍ക്കൊപ്പം ബി.ആര്‍.എസില്‍ നിന്നു രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണു സൂചന. 

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, സെക്രട്ടറി പി.സി. വിഷണുനാഥ് അടക്കമുള്ള നേതാക്കന്‍മാര്‍ ശ്രീഹരിയെ വീട്ടിലെത്തി പാര്‍ട്ടിയേക്കു ക്ഷണിച്ചു. തെലുങ്ക് ദേശം പാര്‍ട്ടിക്കാരനായിരുന്ന ശ്രീഹരി തെലങ്കാന പ്രക്ഷോഭ സമയത്താണു ചന്ദ്രശേഖര റാവുനൊപ്പം ചേരുന്നത്. വ്യാഴാഴ്ച സംസ്ഥാനത്തെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ കേശവ റാവും മകളും ഹൈദരാബാദ് മേയറുമായിരുന്ന ഗഡ്‌​വാള്‍ വിജയലക്ഷ്മിയും കോണ്‍ഗ്രസിലെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരിക്കെയാണു തെലങ്കാന രൂപീകരണ പ്രക്ഷോഭത്തിന്റെ ഭാഗമായാണു കേശവറാവു ബി.ആര്‍.എസിലെത്തിയത്.

 BRS Warangal candidate resigned

MORE IN INDIA
SHOW MORE