ഭിക്ഷയാചിച്ച് വര്‍ഷം സമ്പാദ്യം 20 ലക്ഷം; ആഡംബര ജീവിതം; ഒടുവില്‍..

beggar-life
പ്രതീകാത്മക ചിത്രം
SHARE

ഭിക്ഷയാചിച്ച് ലക്ഷങ്ങള്‍ നേടുന്ന സ്ത്രീ പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. 45 ദിവസം കൊണ്ട് യാചകസ്ത്രീ നേടിയത് 2.5 ലക്ഷത്തോളം രൂപയാണ്. ഇന്ദ്ര ഭായി എന്നു പേരുളള സ്ത്രീയാണ് ഭിക്ഷയെടുത്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. ഇന്‍ഡോറില്‍ ഭിക്ഷാടനം നിയമവിരുദ്ധമായതിനാലും ഇന്ദ്ര ഭായി കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നതിനാലും പൊലീസ് ഇന്ദ്ര ഭായിയെ പിടികൂടി അഭയകേന്ദ്രത്തിലാക്കി. 45 ദിവസം കൊണ്ട് താന്‍ 2.5 ലക്ഷം രൂപ സമ്പാദിച്ചെന്നും തനിക്ക് സ്വന്തമായി വീടും വാഹനവുമെല്ലാമുണ്ടെന്നും ഇന്ദ്ര ഭായി പൊലീസിനോട് വെളിപ്പെടുത്തി.

ഏഴു വയസുകാരിയായ മകളെയും കൊണ്ട് ഭിക്ഷയെടുക്കുന്ന ഇന്ദ്ര ഭായിയെ ഭിക്ഷാടനനിരോധനത്തിനായി ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടനയാണ് കണ്ടെത്തിയത്. ഭിക്ഷാടനം നിയമവിരുദ്ധമാണെന്ന് അധികൃതര്‍ പറ‍ഞ്ഞപ്പോള്‍ വിശന്നുമരിക്കുന്നതിനെക്കാള്‍ നല്ലതാണ് ഭിക്ഷയെടുക്കുന്നതെന്നായിരുന്നു ഇന്ദ്ര ഭായിയുടെ മറുപടി. മോഷ്ടിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ഭിക്ഷയെടുന്നത് എന്നു പറഞ്ഞുകൊണ്ട് അധികൃതര്‍ക്ക് നേരെ അവര്‍ കയര്‍ക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

എന്‍ജിഒ സംഘടനയിലെ അധികൃതരുടെ നിര്‍ദേശപ്രകാരം പൊലീസെത്തി ഇന്ദ്ര ഭായിയെ ചോദ്യം ചെയ്തപ്പോഴാണ് ഭിക്ഷാടനത്തിന് പിന്നിലെ പലരഹസ്യങ്ങളും പുറത്തറിയുന്നത്. ഭിക്ഷയെടുത്ത് 45 ദിവസം കൊണ്ട് താന്‍ 2.5 ലക്ഷം രൂപയോളം സമ്പാദിക്കാറുണ്ടെന്നും തനിക്ക് സ്വന്തമായി ഇരുനില വീടും വാഹനവും പറമ്പുമെല്ലാമുണ്ടെന്നും ഇന്ദ്ര ഭായി വെളിപ്പെടുത്തി. ഒരു വര്‍ഷം ഭിക്ഷയെടുത്ത് താന്‍ ഏകദേശം 20 ലക്ഷം രൂപയോളം സമ്പാദിക്കാറുണ്ടെന്നും ഇന്ദ്ര ഭായി പറഞ്ഞു. സ്വന്തം കുട്ടികളെയും ഭിക്ഷാടനത്തിനായി ഉപയോഗിക്കാറുണ്ടെന്നും ഇന്ദ്ര ഭായി  പൊലീസിനോട് സമ്മതിച്ചു.

അഞ്ച് മക്കളാണ്  ഇന്ദ്ര ഭായിക്കുളളത്. 10, 8, 7, 3,2 എന്നീ പ്രായത്തിലുളള സ്വന്തം കുട്ടികളെ തിരക്കുളള ജംഗ്ഷനുകളിലും പ്രധാന വഴികളിലും ദേവാലയങ്ങളുടെ പരിസരത്തുനെല്ലാം നിര്‍ത്തിയാണ് ഭിക്ഷയെടുപ്പിക്കുന്നതെന്നും  ഇന്ദ്ര ഭായി പറഞ്ഞു. മൂത്ത രണ്ടു കുട്ടികളെയും ഇന്‍ഡോറിലെ ലവകുശ സ്ക്വയര്‍ പരിസരത്തേക്കാണ് പുലര്‍ച്ചെ പറഞ്ഞുവിടാറുളളതെന്നും ഉജ്ജയിന്‍ വഴി മഹാകലേശ്വര്‍ ക്ഷേത്രത്തിലേക്ക് പോകുന്നവരെല്ലാം ഈ വഴിയാണ് പോകുന്നതെന്നും ഭക്തര്‍ ഭിക്ഷ തരുമെന്നും  ഇന്ദ്ര ഭായി പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാകാല്‍ ലോക് ക്ഷേത്രത്തിലേക്ക് ആദ്യകാലത്ത് പ്രതിദിനം 2500ഒാളം ആളുകളാണ് പോയിരുന്നതെങ്കില്‍ ഇന്ന് പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് സന്ദര്‍ശനം നടത്തുന്നതെന്നും അവിടെ നിന്നും ഭിക്ഷയായി മാത്രം വലിയൊരു തുക സമ്പാദിക്കാറുണ്ടെന്നും  ഇന്ദ്ര ഭായി വെളിപ്പെടുത്തി.

പിടിക്കപ്പെട്ട സമയത്ത്  ഇന്ദ്ര ഭായിയുടെ കൈവശം 19600 രൂപയും കൂടെയുണ്ടായിരുന്ന ഏഴു വയസുകാരി മകളുടെ പക്കല്‍ 600 രൂപയുമാണുണ്ടായിരുന്നത്. ഭിക്ഷ യാചിച്ച് കിട്ടിയ പണം കൊണ്ട് താന്‍ സ്വന്തമായി ഇരുനില വീട് വാങ്ങിയെന്നും രാജസ്ഥാനിലെ കോട്ടയില്‍  കൃഷിയിടം വാങ്ങിയെന്നും സ്മാര്‍ട്ട് ഫോണും സ്വന്തമായി വാഹനമുണ്ടെന്നും  ഇന്ദ്ര ഭായി പറഞ്ഞു. എല്ലാം നേടിയത് ഭിക്ഷയാചിച്ചാണെന്നും  ഇന്ദ്ര ഭായി കൂട്ടിച്ചേര്‍ത്തു. പൊലീസ് പിടികൂടിയ ശേഷം  ഇന്ദ്ര ഭായിയെയും കുട്ടിയെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടനെ ഇന്ദ്ര ഭായിയുടെ ഭര്‍ത്താവും മറ്റുകുട്ടികളും ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇൻഡോറിനെ യാചക രഹിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. അതിന്‍റെ ഭാഗമായി ഭിക്ഷ യാചിക്കുന്നവരെ പൊലീസ് പിടികൂടുകയും ഒഴിപ്പിക്കുകയും ചെയ്തു വരികയാണ്. 

Beggar makes Rs 2.5 lakh in 45 days

MORE IN INDIA
SHOW MORE