വീണ്ടും ‘ഇന്ത്യന്‍ ബോണ്ട്’ അജിത് ഡോവല്‍; തടവുകാര്‍ പോലുമറിഞ്ഞില്ല, യാത്ര എങ്ങോട്ടെന്ന്

PTI9_16_2016_000105A
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചര്‍ച്ചയില്‍ (Archives)
SHARE

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുന്‍ നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനം സാധ്യമാക്കിയതിനുപിന്നിലും ‘ഇന്ത്യന്‍ ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് മുഖ്യപങ്ക്. വിദേശത്ത് ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവ വൈദഗ്ധ്യമുള്ള ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ദൗത്യം ഏറ്റെടുത്തത്. പ്രധാനമന്ത്രി ദുബായില്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയശേഷമുള്ള സങ്കീര്‍ണമായ പിന്‍വാതില്‍ ചര്‍ച്ചകളും  വിവരക്കൈമാറ്റവും ഒത്തുതീര്‍പ്പ് ധാരണകളുമെല്ലാം കൈകാര്യം ചെയ്തത് ഡോവല്‍ നേരിട്ടായിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നയതന്ത്ര ചര്‍ച്ചകളുടെ മുഖമായി നില്‍ക്കുകയും ചെയ്തു. മുന്‍ നാവികര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ പലവട്ടം ‍ഡോവല്‍ രഹസ്യമായി ദോഹയിലെത്തി. ഇന്ത്യാ ഗവണ്‍മെന്റിനെ ഞെട്ടിച്ച വധശിക്ഷാവിധിയുടെ കാരണമടക്കം പൂര്‍ണവിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചതും ഈ ചര്‍ച്ചകളിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധിക്കുള്ളില്‍ ഖത്തര്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയതും വധശിക്ഷ തടവുശിക്ഷയായി കുറച്ചതും.

PTI6_10_2015_000087B
പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പോകുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

മുന്‍ നാവികരുടെ മോചനം ഉറപ്പാക്കിയശേഷം അവരെ നാട്ടിലേക്ക് കൊണ്ടുവന്നതും അതീവരഹസ്യമായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ ഖത്തര്‍ ജയിലിലെ ജയിലര്‍ തടവുകാര്‍ക്കരികിലെത്തി രാത്രി വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്ത് തയാറായിരിക്കണം എന്ന് നിര്‍ദേശിച്ചു. എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് കൊണ്ടുപോകുന്നതെന്നോ ഒരക്ഷരം പറഞ്ഞില്ല. ഒരുസമയം ആശങ്കയും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങള്‍. ഒടുവില്‍ രാത്രി എട്ടുപേരെയും ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. അപ്പോഴാണ് മോചിപ്പിക്കപ്പെട്ട വിവരം സംഘം അറിഞ്ഞത്. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് ഏഴുപേര്‍ ഡ‍ല്‍ഹിയിലെത്തി. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹി ഇവരെ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു.

PTI7_9_2015_000306A
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ (മധ്യത്തില്‍), വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ എന്നിവര്‍ക്കൊപ്പം (Archives)

എട്ടുപേരില്‍ മലയാളിയായ രാഗേഷ് ഗോപകുമാര്‍, പൂര്‍ണേന്ദു തിവാരി, നവ്തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍ എന്നിവരാണ് തിരിച്ചെത്തിയത്. ചില രേഖകള്‍ ലഭിക്കാനുള്ളതുകൊണ്ടാണ് എട്ടാമന്‍ ദോഹയില്‍ തുടരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഇദ്ദേഹവും തിരിച്ചെത്തും.

MORE IN INDIA
SHOW MORE