‘പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണ് ഇത് സാധ്യമായത്’; ഖത്തര്‍ അമീറിനും നന്ദി പറഞ്ഞ് നാവികര്‍

modi-navikar-thanks
SHARE

ഖത്തറില്‍ തടവിലായിരുന്ന എട്ടു മുന്‍ ഇന്ത്യന്‍ നാവികര്‍ മോചിതരായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചിരിക്കുകയാണ് മുന്‍ നാവികര്‍.  'ഭാരത് മാതാ കീ ജയ്' എന്നു ഉറക്കെ വിളിച്ചു കൊണ്ടാണ് മോചിതരായവര്‍ വിമാനത്താവളത്തില്‍ എത്തിയത്. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടു ജീവിച്ചിരുന്നവര്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് നാവികരും അവരുടെ ബന്ധുക്കളും. സുരക്ഷിതമായി തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. നരേന്ദ്രമോദിയുടെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് ഇന്നിവിടെ നില്‍ക്കാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന് ഖത്തറുമായുള്ള ബന്ധമാണ് എല്ലാത്തിനു കാരണമെന്നും ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ 18 മാസം കാത്തിരിക്കേണ്ടിവന്നു. പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ നടപടികള്‍ക്കും ഏറെ നന്ദിയുണ്ട് എന്നും മുന്‍ നാവികര്‍ കൂട്ടിച്ചേര്‍ത്തു. 

നാവികസേനയില്‍ സെയ്​ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.  വധശിക്ഷയ്ക്കു വിധിച്ചിരുന്ന നാവികരെ മോചിപ്പിച്ച വിവരം ഇന്നു രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 'എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. ഏഴു പേര്‍ മടങ്ങിയെത്തി. ഖത്തര്‍ അമീറിന്‍റെ നടപടിയെ അഭിനന്ദിക്കുന്നു.' എന്ന കുറിപ്പാണ്  വിദേശകാര്യമന്ത്രാലയം പങ്കുവച്ചത്.  

2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

MORE IN INDIA
SHOW MORE