മലയാളിയടക്കം 8 മുന്‍ നേവി ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ ജയിലില്‍ നിന്ന് മോചനം; ഇന്ത്യന്‍ നയതന്ത്രവിജയം

navy-veterans-qatar
SHARE

18 മാസമായി ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ചാരവൃത്തി ആരോപിച്ച് 2022 ഒാഗസ്റ്റ് മുപ്പതിനാണ് ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ അറസ്റ്റു ചെയ്തത്. മോചിതരായ ഏഴുപേര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ട് നടത്തിയ ഇടപെടലുകളെത്തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്.

navy-officers-qatar

തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍ അടക്കം തടവിലായ എട്ടുപേരും നാവികസേനയില്‍ നിന്ന് വിരമിച്ചവരാണ്. ദോഹയിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന സൈനിക പരിശീലന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് ഒൗദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഖത്തര്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന അന്തര്‍വാഹിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ 26ന് ഖത്തര്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തിയത് നിര്‍ണായകമായി. ഡിസംബര്‍ 28ന് വിചാരണ കോടതി വധശിക്ഷ ഇളവ് ചെയ്ത് തടവുശിക്ഷയാക്കി. ഖത്തര്‍ അമീറിന്‍റെ തീരുമാനപ്രകാരമാണ് ഇന്ത്യക്കാരെ വിട്ടയച്ചത്. ഡല്‍ഹിയിലെത്തിയ ഇവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.

qatar-returns-navy

പൂര്‍ണേന്ദു തിവാരി, നവ്തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍ എന്നിവരാണ് മോചിപ്പിക്കപ്പെട്ട മറ്റുള്ളവര്‍. ഖത്തര്‍ അമീറിന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. രഹസ്യസ്വഭാവമുള്ള നടപടി ക്രമങ്ങളായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. കമ്പനി ഉടമയായ ഖത്തര്‍ പൗരന്‍ ഖാമിസ് അല്‍ നജ്മിയും ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നെങ്കിലും നേരത്തെ വിട്ടയച്ചു.


മോചനത്തിന്‍റെ നാള്‍ വഴി

2022 ഒാഗസ്റ്റ് 30        അറസ്റ്റ്
2023 ഒക്ടോബര്‍ 26    വധശിക്ഷ വിധിച്ചു
2023 നവംബര്‍ 20        അപ്പീല്‍ കോടതിയെ സമീപിച്ചു
2023 നവംബര്‍ 23        അപ്പീലില്‍ വാദം
2023 ഡിസംബര്‍ 1       മോദി–ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച്ച
2023 ഡ‍ിസംബര്‍ 3       നയതന്ത്രസഹായം ലഭ്യമാക്കി
2023 ഡിസംബര്‍ 28      വധശിക്ഷയില്‍ ഇളവ്
2024 ഫെബ്രുവരി 12    ജയില്‍ മോചനം

Navy veterans who were jailed in Qatar reached Delhi

MORE IN INDIA
SHOW MORE