ജോലിസ്ഥലത്ത് ജാതിവിവേചനം; ദലിതര്‍ക്ക് ചായകൊടുത്തത് ചിരട്ടയില്‍; അറസ്റ്റ്

coconut-shell
SHARE

ദലിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ കൊടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലാണ് സംഭവം. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി. 

കഴിഞ്ഞ ദിവസമാണ് ഭുവനേശ്വരന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ അയല്‍ഗ്രാമത്തില്‍ നിന്നുള്ള അഞ്ചുസ്ത്രീകളെത്തിയത്. പട്ടിക ജാതിയിലെ പറയര്‍ എന്ന സമുദായത്തില്‍പെട്ടവരായിരുന്നു ഇവര്‍. ജോലിക്കിടെ ഭുവനേശ്വരന്‍റെ ഭാര്യയും മകളും സ്ത്രീകള്‍ക്ക് ചായ കൊടുക്കാന്‍ എത്തി. ഗ്ലാസില്‍ ഒഴിക്കുന്നതിനുപകരം ചിരട്ടയിലാണ് ചായ കൊടുത്തത്. അയല്‍വാസികളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ചിരട്ടയില്‍ ചായ കൊടുത്തതിനെ തുടര്‍ന്ന് ജോലിക്കാരില്‍ ഒരാളായ ജി സെല്ലി പൊലീസില്‍ പരാതി നല്‍കി. 

പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജാതിവിവേചനം കാണിച്ചതിനും പട്ടികവിഭാഗക്കാരോട് അതിക്രമം കാണിച്ചതിനും ഭുവനേശ്വരന്‍റെ ഭാര്യ ചിന്നതായെയും മകന്‍റെ ഭാര്യ ബി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് നടപടി.  

ഇതിനു മുന്‍പും ജോലിക്കാര്‍ക്ക് സമാനമായ രീതിയിലാണ് കുടുംബം ചായ കൊടുത്തിരുന്നത്. ദലിത് വിഭാഗത്തിൽ അല്ലാത്ത മിക്ക പണി സ്ഥലങ്ങളിലും സമാന അനുഭവമാണ് നേരിടുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം, പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണിതെന്ന് ഉന്നത വിഭാഗത്തില്‍പെട്ട എം ശിവ എന്നയാൾ വ്യക്തമാക്കി.

MORE IN INDIA
SHOW MORE