ആശുപത്രിക്കുള്ളില്‍ 'റീല്‍സ്' ഷൂട്ടിങ്; 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി; ഫൈന്‍

reels-fine-med-11
screengrabs: X(Twitter)
SHARE

പ്രീ ഗ്രാജ്വേഷന് വേണ്ടി ആശുപത്രിക്കുള്ളില്‍ നിന്നും ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ  നടപടിയെടുത്ത് കര്‍ണാടക. ഗഡക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളാണ് റീല്‍സെടുത്ത് ഫൈന്‍ വാങ്ങിയത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടറുടെ നടപടി. വിദ്യാര്‍ഥികളുടെ ട്രെയിനിങ് കാലാവധി 10 ദിവസം കൂടി നീട്ടിയിട്ടുമുണ്ട്.  'റീല്‍ ഇറ്റ് ഫീല്‍ ഇറ്റെ'ന്ന് ഇന്‍സ്റ്റഗ്രാം പറഞ്ഞത് അനുസരിച്ചത് പൊല്ലാപ്പിലായല്ലോയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറയുന്നത്.

ക്ഷമിക്കാനും അംഗീകരിക്കാനും കഴിയാത്ത തെറ്റാണ് വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നുമുണ്ടായിരിക്കുന്നത്. അവര്‍ക്ക് എന്ത് ചെയ്യണമെങ്കിലും ആശുപത്രി പരിസരത്തിന് പുറത്ത് ചെയ്യാം. ആശുപത്രിക്കുള്ളിലല്ല ഇത്തരം കാര്യങ്ങള്‍ വേണ്ടത്. ആശുപത്രിയില്‍ രോഗികളുള്ളതാണ്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പെരുമാറിക്കൂടെന്നും കോളജ് ഡയറക്ടര്‍ ഡോക്ടര്‍ ബസവരാജ് ബൊമ്മഹള്ളി പറഞ്ഞു. 

ഇത്തരം ചിത്രീകരണങ്ങള്‍ കോളജ് അധികൃതരോ ആശുപത്രി അധികൃതരോ അനുമതി നല്‍കിയിട്ടില്ല. വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി 20 ദിവസത്തിനുള്ളില്‍ അവസാനിക്കേണ്ടതായിരുന്നു എന്നാല്‍ അത് പത്ത് ദിവസം കൂടി നീട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനറല്‍ ആശുപത്രിയുടെ ഇടനാഴിയിലും വാര്‍ഡുകളിലുമൂടെ വിദ്യാര്‍ഥികള്‍ ഹിന്ദി, കന്നഡ സോങുകള്‍ക്ക് ചുവടു വയ്ക്കുന്നതിന്‍റെയും ആശുപത്രിയിലെ കിടക്കയില്‍ കിടന്ന് വരെയുള്ള ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ആശുപത്രിയധികൃതര്‍ വടിയെടുത്തത്. ആശുപത്രിയില്‍ വച്ച്  പ്രീ വെഡിങ് ഷൂട്ട് നടത്തിയ സംഭവത്തില്‍ ഡോക്ടറെ കഴിഞ്ഞ ദിവസം കര്‍ണാടക ആരോഗ്യ മന്ത്രി പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഈ നടപടി.

Recording reels inside hospital, action against 38 medical students in Karnataka

MORE IN GULF
SHOW MORE