തിരികെ വന്ന 'മകന്‍' ഒറിജിനലല്ല; സന്യാസി ചമഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് 11 ലക്ഷം

pinku-monk-fraud-11
SHARE

കാണാതായ മകന്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സന്യാസിയായി തിരികെ വീട്ടിലെത്തി അമ്മയില്‍ നിന്ന് ഭിക്ഷയാചിച്ച് മടങ്ങിയ വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വന്‍ വൈറലായിരുന്നു. എന്നാലിതാ കാണാതെ പോയ മകനെ തിരികെ കിട്ടിയ സന്തോഷത്തിന് രണ്ടാഴ്ചയോളം പോലും ആയുസുണ്ടായില്ലെന്നാണ് അമേഠിയില്‍ നിന്നുള്ള വാര്‍ത്തകള്‍.രതിപാല്‍ സിങിന്‍റെയും ഭാനുമതിയുടെയും മകനായ പിങ്കുവാണെന്ന് വിശ്വസിപ്പിച്ചെത്തിയത് തട്ടിപ്പുകാരന്‍ യുവാവാണെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടില്‍ നിന്നുള്ള നഫീസ് എന്ന യുവാവാണ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. സന്യാസ ജീവിതം പൂര്‍ത്തിയായെന്നും എന്നാല്‍ ഗാര്‍ഹിക ജീവിതത്തിലേക്ക് മടങ്ങണമെങ്കില്‍ 11 ലക്ഷത്തോളം രൂപ ആശ്രമത്തില്‍ നല്‍കേണ്ടതുണ്ടെന്നുമായിരുന്നു യുവാവ് ഭാനുമതിയെയും ഭര്‍ത്താവ് രതിപാലിനെയും വിശ്വസിപ്പിച്ചത്. ഇതനുസരിച്ച് കൃഷിഭൂമിയടക്കം വിറ്റും നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയും 11 ലക്ഷം രൂപ രതിപാല്‍ സ്വരൂപിച്ചു. പണം ശരിയായിട്ടുണ്ടെന്നും പക്ഷേ താന്‍ നേരിട്ട് ആശ്രമത്തിലെത്തി ഗുരുവിനെ കണ്ട് കൈമാറാമെന്ന് രതിപാല്‍ സിങ് പറ‍ഞ്ഞതോടെയാണ് കള്ളി പൊളിഞ്ഞത്. 

ആശ്രമത്തിലെത്താമെന്ന് പറഞ്ഞപ്പോള്‍ മുതല്‍ പിങ്കു ഒഴികഴിവുകള്‍ പറയാന്‍ തുടങ്ങി. പണം യുപിഐ നമ്പറില്‍ നിക്ഷേപിച്ചാല്‍ മതിയെന്നായിരുന്നു വാദം.  ഇതോടെ സംശയം കടുത്ത രതിപാല്‍ നേരിട്ട് വരാന്‍ പിങ്കുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ പിങ്കു ഉണ്ടെന്ന് പറയപ്പെടുന്ന ആശ്രമവും അന്വേഷിച്ചിറങ്ങി. അവിടെ അങ്ങനെയൊരു പരസ്നാഥെന്നൊരു ആശ്രമമേയില്ലെന്ന് കണ്ടെത്തി. തലനാരിഴയ്ക്കാണ് വലിയ തട്ടിപ്പില്‍ നിന്ന് രക്ഷപെട്ടതെന്ന് രതിപാല്‍ സിങ് പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

രതിപാലിന്‍റെ വീട്ടിലേക്ക് മകനെന്ന് അവകാശപ്പെട്ട് പിങ്കു എത്തി മടങ്ങുമ്പോള്‍ തന്നെ ഭിക്ഷയായി നാട്ടുകാര്‍ ചേര്‍ന്ന് 13 ക്വിന്‍റല്‍ ഭക്ഷ്യധാന്യങ്ങളും രതിപാലിന്‍റെ സഹോദരി 11,000 രൂപയും നല്‍കിയിരുന്നു. പിങ്കുവിന് ഫോണ്‍  വാങ്ങി നല്‍കിയ രതിപാല്‍, മകന്‍ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫെബ്രുവരി ഒന്നിന് യാത്രയാക്കിയത്. മകനെന്ന് അവകാശപ്പെട്ട് പിങ്കും എത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ രതിപാല്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മകന്‍റെ ശരീരത്തിലുണ്ടായിരുന്ന അതേ മുറിവിന്‍റെ പാട് കണ്ട് ഉറപ്പ് വരുത്തിയാണ് മനസലിഞ്ഞ് വീട്ടില്‍ കയറ്റിയത്.

അതേസമയം, പ്രതി നഫീസിന്‍റെ കുടുംബത്തില്‍ നിന്ന് ഇത്തരം സ്വഭാവത്തിലുള്ള തട്ടിപ്പ് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2021 ല്‍  സന്യാസി ചമഞ്ഞ് നസീഫിന്‍റെ ബന്ധു ഒരു ലക്ഷം തട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. 

Long lost son from UP turns out to be a fraud

MORE IN INDIA
SHOW MORE