ദില്ലി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്; അനുനയിപ്പിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍

farmers-protest
SHARE

ദില്ലി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നാളെ കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തും. മറ്റന്നാള്‍ പ്രഖ്യാപിച്ചുള്ള മാര്‍ച്ച് തടയാന്‍ പഞ്ചാബ്–ഹരിയാന–ഡല്‍ഹി അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ സന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് കര്‍ഷക സംഘടനകള്‍. നൂറ്റിയന്‍പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണ് ദില്ലി ചലോ മാര്‍ച്ചിന് സജ്ജമായിരിക്കുന്നത്. 

താങ്ങ് വില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കെതിരായെടുത്ത കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട,  നിത്യാനന്ദ് റായ് എന്നിവര്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല. അവസാന ശ്രമമെന്നോണമാണ് നാളെ വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഢില്‍ കര്‍ഷക സംഘടന നേതാക്കളെ കാണാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാനും ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയാനും വന്‍ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ വന്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. പഞ്ചാബ് –ഹരിയാന അതിർത്തികൾ അടച്ചു. പഞ്ച് കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയില്‍ റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ നിരത്തി. രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തും. 

Farmers move ahead with Dilli Chalo march

MORE IN INDIA
SHOW MORE