‘എന്താണ് മോദിയുടെ ലക്ഷ്യം?’; മുന്നൊരുക്കങ്ങളും കണക്കിലെ കളികളുമായി ബിജെപി

bjp
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം യഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതാണോ? എന്താണ് ബിജെപിയുടെ ഗെയിംപ്ലാന്‍. ബിജെപിക്ക് 370 സീറ്റ്. എന്‍ഡിഎ നാനൂറ് സീറ്റ് കടക്കും. പ്രധാനമന്ത്രി ലക്ഷ്യം പ്രഖ്യാപിച്ചു. എത്ര സീറ്റ് നേടുമെന്ന് സഭയില്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ലമെന്‍ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. എന്താണ് ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം? എങ്ങിനെ നേടും 370 സീറ്റ്? 370എന്നത് അക്കം മാത്രമല്ല. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതിന്‍റെ രാഷ്ട്രീയ സന്ദേശമാണത്. 370 റദ്ദാക്കിയ തനിക്ക് 370 സീറ്റ് തീരൂ എന്നാണ് മോദി വോട്ടര്‍മാരോട് ചോദിക്കുന്നത്.

2014ല്‍ 282 ഉം 2019ല്‍ 303 ഉം സീറ്റുകളാണ് ബിജെപി നേടിയത്. 2019ല്‍ കൈവിട്ടുപോയ 133 സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ ബിജെപി നല്‍കുന്നു. ഇതില്‍ 59 എണ്ണം ദക്ഷിണേന്ത്യയിലാണ്. സ്ത്രീകളും യുവാക്കളുമാണ് കോര്‍ വോട്ട് ബാങ്ക്. മുന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം ഒബിസികളെ പൂര്‍ണമായും ഒപ്പം നിര്‍ത്താന്‍ നീക്കം. മോദിയുടെ ഒബിസി ഇമേജും കര്‍പ്പുരി ഠാക്കൂറിന് ഭാരത രത്ന നല്‍കിയും ഊര്‍ജമാകും. ശുചിമുറികള്‍ നിര്‍മിച്ചത് മുതല്‍ സൗജന്യഭക്ഷ്യധാന്യ വിതരണം വരെ, ചന്ദ്രയാന്‍ മുതല്‍ വന്ദേ ഭാരത് ട്രെയിന്‍വരെ വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞ് പ്രചാരണം. മോദിയുടെ ഗ്യാരന്‍റിയാണ് മുദ്രാവാക്യം. സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കും. ഏറെക്കുറെ മുഴുവന്‍ കേന്ദ്രമന്ത്രിമാരെയും മല്‍സരരംഗത്തിറക്കും.   

അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയത് വിജയത്തിന്‍റെ വലുപ്പം കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലും രാജസ്ഥാനും ഛത്തീസ്ഗഡും യുപിയും ഹിമാചലും അടക്കം ഹിന്ദി ഹൃദയഭൂമിയിലെയും ഗുജറാത്തിലെയും കര്‍ണാടകയിലെയും മുഴുവന്‍ സീറ്റുകളുമാണ് ലക്ഷ്യം. ഒഡീഷയിലും ബംഗാളിലും ബിഹാറിലും തെലങ്കാനയിലും കൂടുതല്‍ സീറ്റുകള്‍. പ്രതിപക്ഷത്തെ ഐക്യമില്ലായ്മ, മോദിക്ക് ഒത്ത എതിരാളിയില്ലാത്തത്, കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയം, ഇന്ത്യ മുന്നണിയിലെ വിള്ളല്‍ എന്നിവ ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു. എന്‍ഡിഎ വിപുലീകരണമാണ് അടുത്തത്. നിതീഷിന്‍റെയും ജെഡിഎസിന്‍റെയും എന്‍ഡിഎ പ്രവേശനം വലിയ സ്വാധീനമുണ്ടാക്കി. ആര്‍എല്‍ഡി,ശിരോമണി അകാലിദള്‍,ടിഡിപി എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎയിലേയക്ക് എത്തും.

ദക്ഷിണേന്ത്യയില്‍ ആന്ധ്രയും തമിഴ്നാടുമാണ് ബിജെപി വലിയ പ്രതീക്ഷവയ്ക്കുന്നത്. വിശ്വസപരവും സാംസ്ക്കാരികവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം. മോദിയും മുതിര്‍ന്ന നേതാക്കളും നിരന്തരം പ്രചാരണത്തിന് എത്തും. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. തന്ത്രങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഈ മാസം 16 മുതല്‍ 18വരെ ബിജെപി വിശാല നേതൃയോഗം ഡല്‍ഹിയില്‍ ചേരും. 

BJP's game plan for loksabha election

MORE IN INDIA
SHOW MORE