ഭാരതരത്ന; രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍

bharat-ratna
SHARE

ഭാരതരത്നയെച്ചൊല്ലി രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍. പ്രതിപക്ഷ നേതാവിനെതിരെ രാജ്യസഭാ അധ്യക്ഷന്‍ വൈകാരികമായി പ്രതികരിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ച് ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി വൈകീട്ട് സംസാരിക്കും. രാജ്യസഭയില്‍ ഉച്ചയ്ക്ക് ശേഷമാണ് അയോധ്യ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച. ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് ഇരുസഭകളും ഇന്ന് അനിശ്ചിത കാലത്തേയ്ക്ക് പിരിയും. 

ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്ന ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് കൊച്ചുമകനും ആര്‍എല്‍ഡി നേതാവുമായ ജയന്ത് ചൗധരി രാജ്യസഭയില്‍ സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തടസ്സപ്പെടുത്തി. (രാജ്യസഭ 11.07ന്) ഏത് ചട്ടപ്രകാരമാണ് ജയന്ത് ചൗധരിയെ സംസാരിക്കാന്‍ അനുവദിച്ചതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദിച്ചു. ഭാരതരത്ന നല്‍കിയ എല്ലാവരോടും ബഹുമാനമാണെന്നും ഖര്‍ഗെ പറഞ്ഞു. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഭരണപക്ഷത്തോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. കര്‍ഷക നേതാവായ ചരണ്‍ സിങ്ങിന് ഭാരതരത്ന നല്‍കിയ സന്തോഷം സഭയില്‍ പങ്കുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് ക്രമപ്രശ്നം ഉന്നയിച്ച് തടസപ്പെടുത്തുന്നത് കര്‍ഷകവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ് നേതാവായിരുന്ന നരസിംഹ റാവുവിന് ഭാരതരത്ന ലഭിച്ചിട്ടും കോണ്‍ഗ്രസ് ആഹ്ലാദിക്കാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചോദിച്ചു. നരസിംഹ റാവുവിന്‍റെ മൃതദേഹത്തെപ്പോലും കോണ്‍ഗ്രസ് അപമാനിക്കുകയും തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. സഭയില്‍ ബഹളം വച്ച് ചരണ്‍ സിങ്ങിനെയും നരസിംഹ റാവുവിനെയും എം.എസ് സ്വാമിനാഥനെയും പ്രതിപക്ഷം അപമാനിക്കുന്നുെവന്ന് ഭരണപക്ഷം ആരോപിച്ചു. ഖര്‍ഗെ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. കര്‍ഷകനായതുകൊണ്ട് താന്‍ ദുര്‍ബലനാണെന്ന് ഖര്‍ഗെ കരുതരുതെന്ന് ഉപരാഷ്ട്രപതി ആഞ്ഞടിച്ചു. എന്തും പറയാമെന്ന് കരുതരുത്. തന്‍റെ മനസിനെ മുറിവേല്‍പ്പിച്ചു. തനിക്ക് ക്ലാസ് എടുക്കാനാണ് ഖര്‍ഗെ പലപ്പോഴും ശ്രമിക്കുന്നതെന്നും ജഗ്ദീപ് ധന്‍ഖര്‍ വൈകാരികമായി പറഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ച് ചട്ടം 193 പ്രകാരം ലോക്സഭയില്‍ ബിജെപി എംപി സത്യപാല്‍ സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. രാമക്ഷേത്രം യാഥാര്‍ഥ്യമായതില്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന പ്രമേയം ഇരുസഭകളും പാസാക്കും.  

MORE IN INDIA
SHOW MORE