മഞ്ഞിടിഞ്ഞ് പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ക്ക് കാവലിരുന്ന് വളര്‍ത്തുനായ

Himachal
SHARE

ഹിമാചല്‍പ്രദേശിലെ ബില്ലിങ് വാലിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ മരിച്ച പര്‍വതാരോഹകര്‍ക്ക് കൊടും തണുപ്പിലും കാവലിരുന്ന് വളര്‍ത്തുനായ. പതാന്‍കോട്ട് സ്വദേശിയായ അഭിനന്ദന്‍ ഗുപ്ത(30) പൂണെ സ്വദേശിനിയായ കൂട്ടുകാരി പ്രണിത (26) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ബില്ലിങ് വാലിയിലെ പാരഗ്ലൈഡിങ് സ്ഥലം ലക്ഷ്യമാക്കിയാണ് ഇവരെത്തിയത്. ഞായറാഴ്ച്ച പുറപ്പെട്ട ഇവര്‍ ഗുപ്തയുടെ വളര്‍ത്തുനായ ആല്‍ഫയെയും കൂടെക്കൂട്ടിയിരുന്നു. പാരഗ്ലൈഡിങിന്‍റെ ടേക്ക് ഓഫ് പോയിന്‍റിലേക്ക് പോകവെ കാല് തെന്നി ഉയരത്തില്‍ നിന്ന് വീണിരിക്കാമെന്നാണ് നിഗമനം. 

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റതോടെ ഇരുവരും മഞ്ഞില്‍ തന്നെ കിടന്നു. അതി കഠിനമായ തണുപ്പില്‍ രക്ഷപ്പെടാനാകാതെ കിടന്നതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസെത്തി ഇരുവരുടേയും മൃതദേഹം മാറ്റിയപ്പോള്‍ ഇവരെ അനുഗമിച്ച നായ കണ്ണീര്‍കാഴ്ചയായി. 

രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടത്താനായിരുന്നില്ല. രണ്ടാം ദിവസം തിരച്ചിലിന് ഇടയില്‍ സമീപത്ത് നിന്ന് നായ കുരക്കുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായയെയും നായക്കരികിലായി രണ്ട് മൃതദേഹങ്ങളും ഹിമാചല്‍ പൊലീസ് കണ്ടെത്തുന്നത്. 48 മണിക്കൂറുകളാണ് മരംകോച്ചുന്ന തണുപ്പിലും തന്‍റെ യജമാനനെ വിട്ടുപോകാതെ നായ കാവലിരുന്നത്.

Pet dog guards bodies of trekkers who died in Himachal

MORE IN INDIA
SHOW MORE