ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ വെഡ്ഡിങ് ഷൂട്ട്; ഡോക്ടറെ പിരിച്ചുവിട്ടു

doctor-photoshoot
SHARE

ഓപ്പറേഷന്‍ തിയറ്ററില്‍ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് വിചിത്രസംഭവം നടന്നത്. ഒരു രോഗിയും ഡോക്ടറും ഭാവി വധുവുമാണ് വിഡിയോയിലുളളത്. കയ്യില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി നില്‍ക്കുന്ന ഡോക്ടറുടെയും ഭാവി വധുവിന്‍റെയും പ്രീ വെഡ്ഡിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ ഭരണകൂടം ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്. 

ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലാണ് സംഭവം നടന്നത്. ഈ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടറാണ് തന്‍റെ പ്രീ വെഡ്ഡിങ് ഷൂട്ട് ഓപ്പറേഷന്‍ തിയറ്ററില്‍ ചിത്രീകരിച്ചത്. കയ്യില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ഓപ്പറേഷന്‍ ചെയ്യാന്‍ നില്‍ക്കുന്ന നവവധുവും സഹായത്തിനായെത്തുന്ന ഡോക്ടറും എന്നതായിരുന്നു വെഡ്ഡിങ് ഷൂട്ടിന്‍റെ പ്രമേയം. അവസാനം ഇരുവരും തമ്മിലുളള സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന രോഗിയെയും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. എന്നാല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഡോക്ടര്‍ക്ക് ജോലി തന്നെ നഷ്ടമായി. 

'ദേശീയ ആരോഗ്യ മിഷന്‍റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോക്ടര്‍. വെഡ്ഡിങ് ഷൂട്ടിനായി ഉപയോഗിച്ച ഓപ്പറേഷന്‍ തിയറ്റര്‍ നാളുകളായി ഉപയോഗ ശൂന്യമായി കിടക്കുന്ന മുറിയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിഡിയോയില്‍ കാണുന്ന ഓപ്പറേഷന്‍ തിയറ്ററില്‍ ഓപ്പറേഷനൊന്നും തന്നെ നടന്നിട്ടില്ലെന്നും' ജില്ലാ ആരോഗ്യ മേധാവി രേണു പ്രസാദ് അറിയിച്ചു. 

ഡോക്ടര്‍മാരില്‍ നിന്നും ഇത്തരം അച്ചടക്കമില്ലായ്മ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും പറഞ്ഞു. ചിത്രദുര്‍ഗ ആശുപത്രിയില്‍ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി കര്‍ണാടക ആരോഗ്യമന്ത്രി എക്സില്‍ കുറിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായാണ് നിലകൊളളുന്നതെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Karnataka Doctor Dismissed For Pre-Wedding Shoot Inside Operation Theatre

MORE IN INDIA
SHOW MORE