പ്രതി ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്ക്; രാഷ്ട്രീയ കൊലപാതകമെന്ന് പ്രതിപക്ഷം

live
SHARE

മുംബൈയില്‍ ഫെയ്‌സ്ബുക്ക് ലൈവിനിടെ ശിവസേന ഉദ്ധവ് വിഭാഗം നേതാവിനെ വെടിവച്ച് കൊല്ലാന്‍ പ്രതി ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്ക്. സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ പ്രതി മോറിസ്, ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്ന് ക്രൈംബ്രാഞ്ച്. രാഷ്ട്രീയ കൊലപാതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 

പ്രതി മോറിസ് നെറോണ ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവസ്ഥലത്തുനിന്ന് ഒരു പിസ്റ്റളും ഒരു വെടിയുണ്ടയും കണ്ടെടുത്തു. കേസില്‍ പ്രതി മോറിസുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തുവരികയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മോറിസ് പീഡനക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അഭിഷേക് ഗോസാല്‍ക്കറും ഭാര്യയും നേരത്തെ വിജയിച്ച മുനിസിപ്പല്‍ വാര്‍ഡിലേക്ക് മോറിസ് ഇക്കുറി മല്‍സരിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ കാരണമാണ് അന്വേഷിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണത്തിന്‍റെ തണലില്‍ ക്രിമിനലുകള്‍ വിലസുകയാണെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍.  

എന്നാല്‍ രാഷ്ട്രീയം തള്ളി ഉപമുഖ്യമന്ത്രി അജിത് പവാര്‍ രംഗത്തുവന്നു. കേസില്‍ വിശദമായ അന്വേഷണം നടക്കും. ഇന്നലെ രാത്രിയാണ് ദഹിസറില്‍വെച്ച് ഫെയ്സ്ബുക്ക് ലൈവിനിടെ അഭിഷേകിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മോറിസ് സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഉണ്ടാകുന്ന വെടിവയ്പ്പും അക്രമസംഭവങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

MORE IN INDIA
SHOW MORE