എസ്ഐയെ ഭീഷണിപ്പെടുത്തി; കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

coibatore-bus-driver
Photo: Twitter
SHARE

കോയമ്പത്തൂര്‍ നഗരത്തിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ ശര്‍മിളയ്ക്കെതിരെ കേസെടുത്ത് പൊലീസ്. വനിതാ സബ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ശര്‍മിള വിഡിയോ പങ്കുവെച്ചത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കാറോടിക്കുന്നതിന് ഇടയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ വാഹനം തടയുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ശര്‍മിള ആരോപിക്കുന്നത്. രസീത് നല്‍കാതെ പൊലീസ് ഉദ്യോഗസ്ഥ പണം പിഴ തുക വാങ്ങുന്നതായും ശര്‍മിള ആരോപിച്ചു. എന്നാല്‍ ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ശര്‍മിള പങ്കുവെച്ച വിഡിയോയില്‍ ഇല്ല. 

അതേസമയം, ട്രാഫിക് സിഗ്നലില്‍ വെച്ച് ഗതാഗത തടസം ഉണ്ടാവുന്ന രീതിയില്‍ ശാര്‍മിള വാഹനം ഓടിച്ചതായും ഇത് ചോദ്യം ചെയ്ത പൊലീസുകാരിയെ അസഭ്യം പറയുകയുമാണ് ഉണ്ടായത് എന്ന് എഫ്ഐആറില്‍ പറയുന്നു. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശാര്‍മിളക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കോയമ്പത്തൂര്‍ നഗരത്തിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി ജോലി ഏറ്റെടുത്ത ശാര്‍മിളയ്ക്ക് 2023ല്‍ വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. കനിമൊഴി ഉള്‍പ്പെടെ പ്രമുഖര്‍ ശാര്‍മിള ഓടിച്ചിരുന്ന ബസിലെ യാത്രക്കാരായി എത്തി. ഈ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ ശാര്‍മിളയ്ക്ക് കമല്‍ഹാസന്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. 

Police registered case against coimbatore's first women bus driver

MORE IN INDIA
SHOW MORE