'ഗോമൂത്ര സംസ്ഥാനങ്ങള്‍'; ലോക്സഭയില്‍ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി

senthilkumar
SHARE

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് പരിഹസിച്ച ഡിഎംകെ എംപി ലോക്സഭയില്‍ ഖേദം പ്രകടിപ്പിച്ചു. വിവാദ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളും ഡിഎംകെ എംപിയെ തള്ളിപ്പറഞ്ഞു. ലോക്സഭയില്‍ ഭരണപക്ഷം പ്രതിഷേധിച്ചു.

ബിജെപിക്ക് ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിളിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ വിജയിക്കാന്‍ കഴിയുന്നുള്ളൂവെന്ന് ഡിഎംകെ എംപി ഡിഎന്‍വി സെന്തില്‍ കുമാറാണ് ഇന്നലെ ലോക്സഭയില്‍ പറ‍ഞ്ഞത്. സെന്തില്‍ കുമാര്‍ മാപ്പു പറയണമെന്നും ഡിഎംകെ കക്ഷിനേതാവ് ടി.ആര്‍ ബാലു നിലപാട് വ്യക്തമാക്കണമെന്നും ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ മുങ്ങി ലോക്സഭ തടസപ്പെട്ടു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷപ്പാര്‍ട്ടികളും ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു

ലോക്സഭയില്‍ ഖേദം പ്രകടിപ്പിച്ച സെന്തില്‍ കുമാര്‍ തന്‍റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. സെന്തില്‍ കുമാറിന്‍റെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് തള്ളി. സഖ്യകക്ഷികള്‍ പറയുന്നതിന് ഉത്തരവാദികളല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തെലങ്കാനയിലെ നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നേരത്തെ നടത്തിയ പരാമര്‍ശവും വീണ്ടും ചര്‍ച്ചയായി. തെലങ്കാനക്കാരുടെ ജനതികഘടന ബിഹാറുകാരുടേതിനേക്കാള്‍ മികച്ചതാണെന്നാണ് രേവന്ത് റെഡ്ഢി മാധ്യമ സ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

DMK  MP Senthilkumar withdraws controversial remark 

MORE IN INDIA
SHOW MORE