ടിവിയിലെ സ്റ്റാര്‍ അവതാരക; റേഡിയോ ജോക്കി; മിസോറമിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ

Baryl-Vanneihsangi
SHARE

ശ്രമിച്ചാല്‍ എന്തും സാധ്യം. ലിംഗമല്ല പ്രധാനം, നിരന്തരം പരിശ്രമിക്കാനുള്ള മനസ്സാണ് : പറയുന്നത് മിസോറമിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ബേറല്‍ വര്‍ണെസാംഗിയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ക്കൂടിയാണ് മുപ്പത്തിരണ്ടുകാരിയായ ബേറല്‍. രണ്ടരലക്ഷത്തിലേറെപ്പേരാണ് ഇന്‍സ്റ്റഗ്രമില്‍ മാത്രം ബേറലിനെ ഫോളോ ചെയ്യുന്നത്. 

പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍ പോലും വലിയ ഹിറ്റാണ്. ബേറല്‍ എല്ലാ അഭിമുഖങ്ങളിലും ആദ്യം പറയുന്നത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സമത്വവും അവകാശങ്ങളെപ്പറ്റിയുമാണ്. ഇത്തവണത്തെ മിസോറം നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ച സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ എംഎല്‍എയാണ് ബേറല്‍. ഐസോള്‍ മൂന്ന് മണ്ഡലത്തില്‍നിന്ന് 1,414 വോട്ടിനാണ് വിജയിച്ചത്. ഭരണകക്ഷിയായിരുന്ന എംഎന്‍എഫിന്‍റെ സിറ്റിങ് എംഎല്‍എയെയാണ് പരാജയപ്പെടുത്തിയത്. തൊഴില്‍പരമായി ബേറല്‍ ഒരു ആര്‍.ജെയാണ്, അതിന് മുന്‍പ് ടിവി അവതാരകയും. അതുകൊണ്ട് തന്നെ മിസോറമിലാകെ അറിയപ്പെടുന്ന ഒരു സ്റ്റാറാണ് ബേറല്‍. 

‘‘നമ്മള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാന്‍ നമ്മുടെ ലിംഗം തടസ്സമാകരുതെന്ന് ബേറല്‍ പറയുന്നു’’. മേഘാലയയിലെ ഷില്ലോങ്ങിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ സര്‍വകലാശാലയില്‍നിന്ന് കലാസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആകെ 174 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇവരില്‍ വെറും 18 പേര്‍ മാത്രമാണ് വനിതകള്‍. വിജയിച്ചത് മൂന്നുപേരും. കഴിഞ്ഞ സഭയില്‍ ഒരൊറ്റ വനിത എംഎല്‍എ പോലും ഉണ്ടായിരുന്നില്ല. 40ല്‍ 27 സീറ്റ് നേടിയാണ് സോറം പീപ്പിള്‍സ് മൂവ്മെന്‍റ് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

MORE IN INDIA
SHOW MORE