
ഉത്തരകാശിയിൽ തുരങ്കത്തിൽ ഒരാഴ്ചയിലേറെയായി കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായി ആദ്യമായി ചൂടുള്ള ഭക്ഷണമെത്തി. കിച്ചടി കുപ്പികളിൽ നിറച്ചാണ് പൈപ്പ് വഴി തൊഴിലാളികളിലേക്കെത്തിച്ചത്. തങ്ങൾക്ക് കിട്ടിയ നിർദേശമനുസരിച്ചുള്ള ഭക്ഷണമാണ് തയ്യാറാക്കിയതെന്ന് പാചകതൊഴിലാളി ഹേമന്ത് പറയുന്നു. തൊഴിലാളികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഡോക്ടർമാരുടെ പ്രത്യേക നിർദേശപ്രകാരമാണ് ഭക്ഷണം തയ്യാറാക്കിയത്.

വലിയ വായ്മുഖമുള്ള പ്ലാസ്റ്റിക് സിലിണ്ട്രിക്കൽ ബോട്ടിലുകളിലൂടെയാണ് ഭക്ഷണമെത്തിക്കുന്നത്. ഇതുവഴി ആപ്പിൾ, ഏത്തപ്പഴം, ദാലിയ, കിച്ചടി എന്നിവയെത്തിക്കാൻ സാധിക്കുമെന്നും ഹേമന്ത് പറയുന്നു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയുണ്ടെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണാണ് തൊഴിലാളികൾ കുടുങ്ങിപ്പോയത്. നവംബർ 12നാണ് അപകടമുണ്ടായത്.
First hot meal for trapped tunnel laboures