വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

shock-death
SHARE

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ പൊലിഞ്ഞത് അമ്മയുടേയും പിഞ്ചു കുഞ്ഞിന്റേയും ജീവന്‍. ബെംഗളൂരു വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലായിരുന്നു ദാരുണസംഭവം. നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നുമാണ് കാടുഗോഡി എകെജി കോളനിയില്‍ താമസിക്കുന്ന തമിഴ്നാടു സ്വദേശിനി സൗന്ദര്യയ്ക്കും (23) മകൾ സുവിക്ഷ(9 മാസം)ക്കും ഷോക്കേറ്റത്. 

സ്വദേശമായ തമിഴ്നാട്ടിലെ കടലൂരിൽ പോയി മടങ്ങി വരികയായിരുന്നു ഇവർ. സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാർ കാടുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഊർജമന്ത്രി കെ.ജെ.ജോർജ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുത്ത കാഡുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഹോപ്ഫാമിലെ നടപ്പാതയിൽ ഒട്ടേറെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) ചിതറി കിടക്കുന്നതിനാൽ, ഇതിനിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി സൗന്ദര്യ ശ്രദ്ധിച്ചിരിക്കാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണിതെന്നു ആരോപിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തുവന്നു.

Woman, nine-month-old child electrocuted at Hope Farm in Bengaluru

MORE IN INDIA
SHOW MORE