
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. വീട്ടിലെ പെഡസ്ട്രല്‍ ഫാനിന്‍റെ വയറില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതോടെയാണ് കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് വെളിപ്പെടുത്തി. വീരേന്ദ്രകുമാറിന്‍റെ മക്കളായ മായങ്ക്(9), സഹോദരന്‍ ഹിമാങ്ക് (6) സഹോദരിമാരായ ഹിമാന്‍ഷി (8) മന്‍സി(5) എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് കുട്ടികളിലൊരാള്‍ ഫാനിന്‍റെ വയറില്‍ തൊട്ടതെന്നും കരച്ചില്‍ കേട്ട് ഓടിയെത്തിയ മറ്റ് സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ അവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. സംഭവ സമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ കൃഷിയിടത്തിലായിരുന്നുവെന്ന് സര്‍ക്കിര്‍ ഓഫിസര്‍ വ്യക്തമാക്കി. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ മക്കള്‍ ചലനമറ്റ് കിടക്കുന്ന ദാരുണമായ കാഴ്ചയാണ് കണ്ടത്. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും സര്‍ക്കിള്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.
Four siblings electrocuted in UP's Unnao