
മണ്ണും കല്ലും വീണ്ടും ഇടിയാൻ തുടങ്ങിയതോടെ ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം ആശങ്കയിൽ. ഇപ്പോൾ രക്ഷാദൗത്യത്തിലുള്ളവർക്ക് പുറത്തെത്താൻ മറ്റൊരു കുഴൽ സ്ഥാപിക്കുന്നു. സർക്കാരും നിർമാണക്കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ ബന്ധുക്കൾ രംഗത്തുവന്നു.
ഞായറാഴ്ച മുതൽ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനൊപ്പം രക്ഷാദൗത്യത്തിന്റെ ഭാഗമായവരെ തിരികെയെത്തിക്കാൻ മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കുന്നു. ഏഴ് ദിവസത്തിൽ എത്തിനിൽക്കുന്ന ദൗത്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുരങ്കത്തിനകത്ത് നേരത്തെ തന്നെ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. ഇതിന് പുറമെയാണ് ഓഗർ ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രകമ്പനം മൂലമുള്ള ഇടിച്ചിൽ.
സർക്കാരും നിർമാണക്കമ്പനിയും നിഷ്ക്രിയമെന്ന് കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ ബന്ധുക്കൾ ആരോപിച്ചു. ഇതുവരെ 30 മീറ്റർ ഡ്രിൽ ചെയ്തു. ഇനിയും 30 മീറ്റർ കൂടെ ഡ്രിൽ ചെയ്യാനുണ്ട്. നിലവിലെ ഡ്രില്ലിങ് യന്ത്രത്തിന് സാങ്കേതിക തകരാർ ഉണ്ടായാൽ കാലതാമസം കൂടാതെ ദൗത്യം തുടരാനാണ് 22 ടൺ ഭാരമുള്ള അമേരിക്കൻ നിർമിത ഓഗർ ഡ്രില്ലിങ് യന്ത്രത്തിന്റെ മറ്റൊരു യൂണിറ്റ് കൂടി ഇൻഡോറിൽനിന്ന് വ്യോമസേന വിമാനത്തിൽ എത്തിച്ചത്.
Uttarakhand tunnel collapse rescue