
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയ ഗുജറാത്ത് എംഎല്‍എ പൂര്‍ണേഷ് മോദിക്ക് ഉയര്‍ന്ന സംഘടനാ ചുമതല നല്‍കി ബിജെപി. ദമാന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലെ സംഘടനാ ചുമതലയാണ് നല്‍കിയത്. കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് എതിരെയാണ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ വിചാരണ കോടതി രാഹുലിനെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ രാഹുലിനെ കുറ്റക്കാരനായി കണ്ടുള്ള ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
പൂര്‍ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായാണ് ബിജെപി നിയമിച്ചത്. സൂറത്ത് വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ് പൂര്‍ണേഷ് മോദി. തെക്കന്‍ ഗുജറാത്തിലെ ബിജെപിയുടെ ഒബിസി മുഖം. മൂന്ന് വട്ടം സൂറത്ത് വെസ്റ്റില്‍ നിന്ന് ജനവിധി തേടിയ പൂര്‍ണേഷ് മോദി 2022ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത–വ്യോമയാന–ടൂറിസം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലെ മന്ത്രിസഭയിലേക്കുള്ള പൂര്‍ണേഷ് മോദിയുടെ കടന്നുവരവ് പലരെയും ഞെട്ടിച്ചിരുന്നു.