വെയിറ്റിങ് ലിസ്റ്റ് ഇല്ല; എല്ലാവര്‍ക്കും ടിക്കറ്റ്; വമ്പന്‍ നീക്കവുമായി റെയില്‍വേ

special train
SHARE

വെയിറ്റിങ് ലിസ്റ്റ് സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കവുമായി റെയില്‍വേ. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ ട്രെയിനുകള്‍ കൂടി രാജ്യത്ത് അനുവദിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനറല്‍–സ്ലീപ്പര്‍ ക്ലാസുകളിലെ ടിക്കറ്റ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നീക്കം. 

എല്ലാവര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ലഭ്യമാക്കുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിനും ഒക്ടോബറിനും ഇടയിലെ കണക്കുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് കാണിക്കുന്നത്. ഈ കാലയളവില്‍ ജനറല്‍–സ്ലീപ്പര്‍ കോച്ചുകളില്‍ 372 കോടി യാത്രക്കാര്‍ സഞ്ചരിച്ചതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 38 കോടി യാത്രക്കാര്‍ കൂടുതല്‍. 

യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 800 കോടിയില്‍ നിന്ന് 1000 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ബജറ്റ് സൗഹൃദ യാത്രയ്ക്ക് ആളുകള്‍ പ്രാമുഖ്യം നല്‍കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ഓരോ വര്‍ഷവും 200 മുതല്‍ 250 വരെ പുതിയ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

MORE IN INDIA
SHOW MORE