മുന്‍ കാമുകനെചൊല്ലി തര്‍ക്കം; പെണ്‍കുട്ടിയുടെ കഴുത്തറുത്ത് യുവാവ്

arrest
SHARE

പഴയ പ്രണയ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാമുകിയെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റില്‍.  കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. പ്രതി തേജസ് എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്ന പെണ്‍കുട്ടിയുമായി കഴിഞ്ഞ ആറുമാസമായി  തേജസ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പെണ്‍കുട്ടിയുടെ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു യുവാവ്.

ഇരുവര്‍ക്കുമിടയില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു. അടുത്ത കാലത്തായി പെണ്‍കുട്ടിയുടെ പഴയ പ്രണയബന്ധത്തെക്കുറിച്ച് തേജസ് അറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പൂര്‍വകാല ബന്ധത്തെക്കുറിച്ച് പറഞ്ഞ് യുവാവ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും  ഫോണ്‍ എപ്പോഴും പരിശോധിക്കാനും തുടങ്ങിയതോടെ തേജസുമായുളള ബന്ധം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. 

ഇതിനെത്തുടര്‍ന്ന് എല്ലാം സംസാരിച്ച് അവസാനിപ്പിക്കാം എന്ന് യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും വ്യാഴാഴ്ച ഇരുവരും കുന്തി ബേട്ട ഹില്‍സിലേക്ക് ബൈക്കില്‍ പുറപ്പെടുകയും ചെയ്തു. ടൗണില്‍ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സംഭവസ്ഥലത്തെത്തിയ യുവാവ് വീണ്ടും പെണ്‍കുട്ടിയുമായി വഴക്കില്‍ ഏര്‍പ്പെട്ടു. ഉടനെ തന്നെ കയ്യില്‍ കരുതിയ കത്തിയെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ കഴുത്തറുത്തു. പരിസരവാസികളാണ് രക്തത്തില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടി അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

Man slits girlfriends neck in Karnataka

MORE IN INDIA
SHOW MORE