
‘കൊറോണ കുമാര്‍’ സിനിമയ്ക്കായി തമിഴ് നടന്‍ സിലമ്പരസന് നല്‍കിയ മുന്‍കൂര്‍ തുക തിരികെ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മിഡിയേഷന് വിട്ട് മദ്രാസ് ഹൈക്കോടതി. സിമ്പുവിനെയും ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗോകുല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘കൊറോണ കുമാര്‍’. 2021ല്‍ 9.5 കോടി രൂപ പ്രതിഫലം ഉറപ്പിച്ചാണ് സിമ്പുവുമായി കരാറിലെത്തിയത്. ഇതില്‍ നാലരക്കോടി അഡ്വാന്‍സ് നല്‍കിയെന്നും നിര്‍മാതാക്കളായ വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ അവകാശപ്പെടുന്നു. എന്നാല്‍ സിലമ്പരസന്‍ ഉറപ്പ് പാലിച്ചില്ലെന്നും ‘കൊറോണ കുമാര്‍’ പൂര്‍ത്തിയാക്കാതെ മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് നടനെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് വേല്‍സ് ഫിലിം ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഒരു കോടി രൂപയാണ് അഡ്വാന്‍സ് വാങ്ങിയതെന്നാണ് സിമ്പുവിന്റെ നിലപാട്. 2021 ജൂലൈ 16 മുതല്‍ ഒരുവര്‍ഷത്തിനകം ‘കൊറോണ കുമാര്‍’ ഷൂട്ട് ചെയ്യണമെന്നായിരുന്നു കരാര്‍. 2022 ജൂലൈ 15 വരെ ചിത്രത്തിന്റെ പ്രീ–പ്രൊഡക്ഷന്‍ ജോലികള്‍ പോലും ആരംഭിച്ചില്ലെന്നും സിമ്പു കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അഡ്വാന്‍സ് ലഭിച്ച ഒരു കോടി രൂപ തിരിച്ചുകൊടുക്കാന്‍ ബാധ്യതയില്ലെന്നും നടന്റെ അഭിഭാഷകര്‍ വാദിച്ചു. കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് 50 കോള്‍ ഷീറ്റ് അനുവദിച്ചിരുന്നു. കരാര്‍ കാലാവധിക്കിടെ മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിക്കാതിരുന്നതിനാല്‍ തനിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നും സിമ്പു വാദിച്ചു.

അഡ്വാന്‍സ് നല്‍കിയ ഒരു കോടി രൂപ കോടതിയില്‍ കെട്ടിവച്ചശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തു. കോടതി നിര്‍ദേശപ്രകാരം സിമ്പു ഈമാസം പത്തിന് ഒരു കോടി രൂപ കെട്ടിവയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സിമ്പുവിനെ മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന വേല്‍സ് ഫിലിമിന്റെ ആവശ്യം കോടതി നിരസിച്ചു. തര്‍ക്കപരിഹാരത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജി കെ.കണ്ണനെ ചുമതലപ്പെടുത്തി.

കമല്‍ഹാസന്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി സിലമ്പരസനെ തീരുമാനിച്ചതിന് പിന്നാലെയാണ് ‘കൊറോണ കുമാര്‍’ കേസ് വീണ്ടും സജീവമായത്. സിമ്പുവിന്റെ നാല്‍പ്പത്തെട്ടാമത്തെ ചിത്രമാണ് ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പേരിടാചിത്രം. മേയ് 22നാണ് സിമ്പുവിനെ നായകനാക്കി സിനിമ നിര്‍മിക്കുന്ന വിവരം രാജ്കമല്‍ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
Madras High Court appoints retired Judge to mediate dispute between STR and Vels Film over the movie Corona Kumar