
സംസ്ഥാനം രൂപം െകാണ്ടനാള്‍ മുതല്‍ ഭരണത്തിലിരിക്കുന്ന കെസിആര്‍ സര്‍ക്കാരിനെ ഇത്തവണ താഴെയിറക്കാന്‍ വമ്പന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും വന്‍ പ്രഖ്യാപനങ്ങളാണ് ഉള്ളത്. ഏകപക്ഷീയമായി തന്നെ കെസിആറിന്റെ പാര്‍ട്ടി വിജയിക്കാറുള്ള തെലങ്കാനയില്‍ ഇത്തവണ കോണ്‍ഗ്രസ് പിടിമുറുക്കുന്ന കാഴ്ചകളും സജീവമാണ്. വന്‍ ജനപങ്കാളിത്തമാണ് കോണ്‍ഗ്രസിന്റെ റാലികളില്‍ ലഭിക്കുന്നത്. രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ അടിമുടി മാറി തെലങ്കാന കോണ്‍ഗ്രസ് ഇത്തവണ ഭരണം പിടിച്ചേക്കുമെന്ന് വരെ ചില പ്രവചനങ്ങള്‍ പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ ആറ് ഉറപ്പുകളാണ് പ്രധാനമായും പാര്‍ട്ടി മുന്നില്‍ വയ്ക്കുന്നത്. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ പെന്‍ഷന്‍, 500 രൂപയ്ക്ക് പാചകവാതകം, സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ അഞ്ചുലക്ഷം രൂപവരെ ധനസഹായം, ഉന്നത പഠനത്തിന് അഞ്ചുലക്ഷം രൂപ വരെ സഹായം, തെലങ്കാന പ്രക്ഷോഭ പോരാളികളുടെ കുടുംബത്തിന് 25,000 രൂപയുടെ പെന്‍ഷന്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും ഗുരുതര രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും പ്രതിമാസം 4,000 രൂപ പെന്‍ഷന്‍, 10 ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തില്‍ വന്‍ജനക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക.