
ഭാര്യയെ കൊലപ്പെടുത്തുന്നതിനായി കാല്‍സ്യം ക്യാപ്സൂളില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കി ഭര്‍ത്താവ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് 42കാരി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പുനെയിലാണ് സംഭവം. ബ്ലേഡ് കഷ്ണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഛായ എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് സോമനാഥ് സാധു കൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ പൊലീസ് പിടിയിലായി. ഭാര്യയിന്മേലുള്ള സംശയം കാരണമായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഇയാള്‍ ബ്ലേഡ് ഒളിപ്പിച്ച കാല്‍സ്യം ഗുളിക ഭാര്യക്ക് നല്‍കി തുടങ്ങിയത്. നാല് തവണയോളം ഭാര്യക്ക് ഈ വിധം ഗുളിക നല്‍കിയതായാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.
ഭാര്യയെ ഇയാള്‍ മര്‍ദിക്കുന്നതും പതിവായിരുന്നതായി പൊലീസ് പറയുന്നു. കൊലപാതകം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 307, 498, 323, 504 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.