
ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങി നൂറുമണിക്കൂറിനോട് അടുക്കുമ്പോള്‍ യുഎസ് നിര്‍മിത കൂറ്റന്‍ ഡ്രില്ലിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാദൗത്യത്തിന് നീക്കം. അതീവ കഠിനമായ രക്ഷാദൗത്യത്തിലെ ഇനിയുള്ള 10 മണിക്കൂര്‍ ഏറെ നിര്‍ണായകമാണ്. ദൗത്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രി വി.കെ.സിങ് അപകടസ്ഥലത്തെത്തി
ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ ജീവനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലാണ്. ഒാരോ നിമിഷവും ഏറെ പ്രധാനപ്പെട്ടതാണ്. ഈ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ വ്യോമസേന വിമാനങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് പുത്തന്‍ ഡ്രില്ലിങ് മെഷീനുകള്‍ എത്തിച്ചു. ടണ്‍ കണക്കിന് ഭാരമുള്ള ഇവ ഉപയോഗിച്ച് 100 മീറ്റര്‍ വരെ ഡ്രില്ല് ചെയ്യാം. ഡ്രില്‍ ചെയ്ത് രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്‍റീമീറ്റര്‍ വ്യാസമൂള്ള സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. ഡ്രില്ലിങ് മെഷീന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ 10 മണിക്കൂര്‍കൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകും. അതിനിടെ,,, ദൗത്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രി വി.കെ.സിങ് അപകടസ്ഥലത്തെത്തി.
40 തൊഴിലാളികളാണ് ഞായറാഴ്ച മുതല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് പൈപ്പിലൂടെ ഓക്സിജനും വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിച്ചാല്‍ ഉടന്‍ ചികില്‍സയ്ക്കായി ഋഷികേശിലെ എയിംസിലേക്ക് മാറ്റും. ആംബുലന്‍സുകള്‍ തയാറാണ്. ഉത്തരകാശിയില്‍ ഇന്ന് പുലര്‍ച്ചെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത് ആശങ്ക ഉയര്‍ത്തിയിരുന്നു.