
കാമുകനൊപ്പം ജീവിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഭാര്യയെ വിവാഹം കഴിച്ചു നല്‍കി യുവാവ്. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. 2018ലാണ് അജയ കുമാര്‍ കാജലിനെ വിവാഹം കഴിച്ചത്. കാജലിനാവട്ടെ ഇക്കാലത്ത് രാജ്കുമാറെന്ന അയല്‍ ഗ്രാമത്തിലെ യുവാവുമായി പ്രണയവുമുണ്ടായിരുന്നു. വിവാഹശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ കാജലിനും അജയ്ക്കും രണ്ട് മക്കള്‍ ജനിച്ചു. ഇതിന് ശേഷവും രാജ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാജലിന് സാധിച്ചില്ല.
കഴിഞ്ഞ ദിവസം കുടുംബാംഗങ്ങള്‍ പറഞ്ഞാണ് കാജലിന് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും അത് ഇപ്പോഴും തുടരുന്നുവെന്നും അജയ് അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞ് ആദ്യം ഞെട്ടലുണ്ടായെന്നും പക്ഷേ ഭാര്യയ്ക്ക് മറ്റൊരാള്‍ക്കൊപ്പം കഴിയുന്നതാണ് സന്തോഷമെങ്കില്‍ താന്‍ തടസം നിന്നിട്ട് കാര്യമില്ലല്ലോയെന്ന ചിന്ത ഉണ്ടായെന്നും അജയ് പറയുന്നു. ഇതോടെ അജയ് തന്നെ മുന്‍കൈയെടുത്ത് ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചു. താന്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഇരുവരോടുമുള്ള ഗ്രാമീണരുടെയും കുടുംബത്തിന്‍റെയും രോഷം ഒഴിവാകുമെന്നും അജയ് കരുതി. തുടര്‍ന്ന് താന്‍ വിവാഹ ബന്ധം ഒഴിയുന്നതായി ഗ്രാമസഭയിലും കുടുംബത്തിലും അറിയിക്കുകയായിരുന്നു. പിന്നാലെ ഇരുവരുടെയും വിവാഹവും നടത്തി നല്‍കി. ബിഹാറിലെ നവാഡയിലും സമാന സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Man marries off wife to her lover in Bihar