
സിപിഎമ്മിന്റെ പിറവിക്കു കാരണക്കാരിലൊരാളായ വിപ്ലവ വീര്യം എൻ.ശങ്കരയ്യയ്ക്ക് വിട. 59 വർഷങ്ങൾക്കു മുൻപ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിനു രൂപം നൽകിയവരിൽ ഒരാളായിരുന്നു ശങ്കരയ്യ. .സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കൊരുത്ത് വിപ്ലവ ചെങ്കൊടിയുടെ തണലിലേക്കെത്തിയതാണു ശങ്കരയ്യയുടെ ജീവിതം.
1921 ജൂലായ് 15-ന് മധുരയില്‍ ജനനം. അഞ്ചാംക്ളാസുവരെ പഠനം തൂത്തുക്കുടിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നു. പതിനേഴാംവയസ്സിലാണ് അദ്ദേഹം സി.പി.ഐ. അംഗമാകുന്നത്. എന്നാല്‍ അവസാനപരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജയിലിലായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു.എട്ടുവര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേന്നാണു പിന്നീട് ജയിലിനു പുറത്തിറങ്ങിയത്.1964 ലെ കൊല്‍ക്കത്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു.1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. മൂന്നുവര്‍ഷം മുൻപുവരെ പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും സജീവമായിരുന്നു.
ശങ്കരയ്യയെത്തുമ്പോള്‍ അദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കടലുപോലെ ജനം തടിച്ചുകൂടുമായിരുന്നു .ആദര്‍ശത്തിലും നിലപാടിലും അണുകിട വ്യതിചലിക്കാത്ത സഖാവിന്റെ പ്രസംഗങ്ങള്‍ വാളുപോലെ മൂര്‍ച്ചയുള്ളതായിരുന്നു. അത് അണികളെ ആവോളം ആവേശം കൊള്ളിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് പലപ്പോഴും കനത്ത പ്രഹരം സമ്മാനിച്ചു. രാജ്യത്തെ ഇടതുബദലിന്റെ ചരിത്രം തന്റേതുകൂടിയാക്കിയാണ് ശങ്കരയ്യ വിടവാങ്ങുന്നത്.