
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മധ്യപ്രദേശ് വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പ്രിയങ്കയുടെ രൂക്ഷമായ വിമര്‍ശനം. ജനവിധിയെ വഞ്ചിച്ച ചതിയന്‍ എന്നാണ് അടുത്ത സുഹൃത്ത് കൂടിയായ സിന്ധ്യയെ പ്രിയങ്ക വിശേഷിപ്പിച്ചത്. 2020ല്‍ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിക്കൊപ്പം ചേർന്നിരുന്നു.
‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. എല്ലാ ബിജെപി നേതാക്കളും ഒന്നാമതായി ആശങ്കപ്പെടുന്നത് സിന്ധ്യയുടെ കാര്യത്തിലാണ്. ഞാൻ അദ്ദേഹത്തിനൊപ്പം ഉത്തർപ്രദേശിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. സിന്ധ്യ അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യമാണ് തുടരുന്നത്. അവർ ചതിച്ചത് ഗ്വാളിയാറിലെയും ചമ്പയിലെയും ജനങ്ങളെയാണ്. സർക്കാരിനെ സിന്ധ്യ അട്ടിമറിക്കുകയായിരുന്നു.’ പ്രിയങ്ക പറഞ്ഞു.