തെലങ്കാനയില്‍ കര്‍ഷകരെ ചാക്കിലാക്കാന്‍ പാര്‍ട്ടികള്‍; വാഗ്ദാനപ്പെരുമഴ

telanagana-farmers
SHARE

റൈതു ബന്ധുവടക്കം കർഷക പ്രിയ പദ്ധതികൾ നടപ്പിലാക്കിയെന്ന് തെലങ്കാനയിൽ ബി ആർ എസ് അവകാശപ്പെടുമ്പോഴും കർഷകർ സംതൃപ്തരല്ല. വിളകൾക്ക് ആവശ്യത്തിന് വില ലഭിക്കാത്തതും വൈദ്യുതി മുടക്കവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തെലങ്കാന ഭരണത്തിൽ നിർണായക സ്വാധീന ശക്തിയായ കർഷകർക്ക് വാഗ്ദാന പെരുമഴയാണ് ഇത്തവണയും രാഷ്ട്രീയ പാർട്ടികൾ നൽകിയിരിക്കുന്നത്.

ഹൈദരബാദിൽ നിന്ന് ഏറെ അകലെയല്ല  കർഷക ഗ്രാമമായ ഗഡമലൈഗൂഡം. കൃഷി ഉപജീവനമാക്കിയ മനുഷ്യരുടെ വാസസ്ഥലം. വർഷിതയും അമ്മ രാമുലയും കൃഷിയിടത്തിലാണ്. രാവിലെ എട്ട് മണിക്ക് പാടത്ത് ഇറങ്ങിയാൽ തിരികെ പോക്കിനു സന്ധ്യമയങ്ങണം. നെല്ലും, പച്ചക്കറികളുമാണ് മൂന്ന് ഏക്കർ സ്ഥലത്തെ പ്രധാന കൃഷി. പശുക്കളെയും വളർത്തുന്നു. കർഷകർക്ക് ഒരു ഏക്കറിന് പ്രതിവർഷം ബി ആർ എസ് സർക്കാർ നൽകിവരുന്ന 10,000 രൂപയുടെ പദ്ധതിയായ  റയിത്തു ബന്ധുവിന്റെ സന്തോഷം വർഷിതയുടെയും രാമുലയുടെയുടെയും  മുഖത്തില്ല. കൃഷിക്ക് ഈ തുകയുടെ അപര്യാപ്തതയാണ് കാരണം. നഗരത്തിൽ 24 മണിക്കൂറും വൈദ്യുതി ഉണ്ടാകുമ്പോൾ അന്നം വിളയിക്കുന്ന പാടത്ത് 12 മണിക്കൂർ വൈദ്യുതി ഇല്ലന്നതും ഇവരുടെ പരാതിയാണ്.

ഗ്രാമത്തിൽ വിളയുന്ന പച്ചക്കറികളുടെയും  അരിയുടെ വില നഗരം കണ്ടാൽ  കുതിച്ചു ഉയരും അതിന്റെ ഗുണം പക്ഷേ കർഷകനു കിട്ടില്ല. അതുകൊണ്ടു തന്നെ നഷ്ടത്തിന്റെ കണക്കാണ് രാമുലയ്ക്ക് പറയാനുള്ളത്. പരാതിയും പരിഭവമുണ്ടെങ്കിലും തെലങ്കാനയിൽ ബി ആർ എസ് തന്നെ അധികാരത്തിൽ വരണമെന്നാണ് വർഷിതയുടെ ആഗ്രഹം. കയ്യിയുണ്ടെങ്കിലെ അന്നം കഴിക്കാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞ് രാമുല കോൺഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു.

2018 ൽ അധികാരം തുടരാൻ കെ സി ആറിനെ സഹായിച്ചത് ആദ്യ ടേമിൽ പ്രാവർത്തികമാക്കിയ കർഷകക്ഷേമ പദ്ധതികളായിരുന്നു. റൈതു ബന്ധു വഴി സർക്കാരിന് വലിയ ജനപ്രീതി നേടാനായി. ഇതു മനസിലാക്കിയ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർഷകന് ഏക്കറിന് പ്രതിവർഷം 15000 രൂപ നൽകുന്ന  റയിത്തു ബറോസ പദ്ധതി രണ്ടു മാസങ്ങൾക്കു  മുൻപ് തന്നെ പ്രഖ്യാപിച്ചു. റൈതു ബന്ധു പദ്ധതി പ്രതിമാസം  16000 രൂപ ആക്കുമെന്ന് പറഞ്ഞായിരുന്നു കോൺഗ്രസിനുള്ള കെ സി ആറിന്റെ മറുപടി.

Farmers on Telanagana lok sabha elections 

MORE IN INDIA
SHOW MORE