എന്താണ് വനിതാ സംവരണ ബില്‍? പാര്‍ലമെന്‍റ് പാസാക്കുമോ? കടമ്പകള്‍ എന്ത്?

HIGHLIGHTS
  • ആദ്യമായി ലോക്സഭയില്‍ എത്തിയത് 1996 ല്‍
  • 1998 ല്‍ വീണ്ടും ലോക്സഭയില്‍, ബില്‍ കീറിയെറിഞ്ഞ് ആര്‍ജെഡി
  • 2010 മാര്‍ച്ചില്‍ രാജ്യസഭ പാസാക്കി
reservationbill-19
SHARE

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വികസിത രാജ്യമെന്ന സ്വപ്നത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പുകളിലൊന്നായി ബില്‍ മാറുമോ? 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വനിതാസംവരണ ബില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ അതിനെ വിശദമായി അറിയാം.

 
1996 ല്‍ എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കേയാണ് വനിതാസംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ ആദ്യമായി അവതരിപ്പിച്ചത്. ബില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിട്ടു. ലോക്സഭ കാലാവധി കഴിഞ്ഞതോടെ ബില്ല് ലാപ്സായി.

1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ബില്‍ വീണ്ടും ലോക്സഭയില്‍ എത്തുന്നത്.  അന്നത്തെ നിയമമന്ത്രിയായിരുന്ന എം.തമ്പിദുരൈ ബില്ലവതരിപ്പിക്കുമ്പോള്‍ ആര്‍ജെഡി എംപി പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബില്‍ കീറിയെറിഞ്ഞു. രണ്ടാമതും ബില്‍ പരാജയപ്പെട്ടു.

മൂന്നാം തവണ മന്‍മോഹന്‍സിങിന്റെ ഭരണകാലത്ത് 2008 ലാണ് ബില്‍ വീണ്ടും പാര്‍ലമെന്റിലെത്തുന്നത്. 2010 മാര്‍ച്ച് എട്ടിന്, 186 വോട്ടുകള്‍ക്ക് ഭേദഗതി വരുത്തിയ രാജ്യസഭ  ബില്‍ പാസാക്കി. ബിജെപിയുടെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണ ബില്ലിന് ലഭിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡിയുടെയും എസ്പിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ ലോക്സഭ പരിഗണിച്ചില്ല.  15–ാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കിയതോടെ ഈ ബില്ലും ലാപ്സായി.  
 
എന്താണ് വനിതാ സംവരണ ബില്‍? വ്യവസ്ഥകള്‍ അറിയാം
 
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കി വയ്ക്കുന്നതാണ് വനിതാ സംവരണ ബില്‍. 33 ശതമാനത്തിലെ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകള്‍ സംസ്ഥാനത്തിലെയോ കേന്ദ്രഭരണ പ്രദേശങ്ങളിലെയോ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ മാറ്റാം. നിലവില്‍ കൊണ്ടുവന്ന ബില്‍ അനുസരിച്ച് ഒബിസിക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല.
 
ലോക്സഭയില്‍ ആകെ അംഗബലം 543 ആയിരിക്കെ വനിതകളുടെ എണ്ണം വെറും 78 ആണ്. പതിനഞ്ച് ശതമാനത്തിലും താഴെ. രാജ്യസഭയില്‍ 31 വനിതാ അംഗങ്ങളാണ് ഉള്ളത്. ബില്‍ പാസാകുന്നതോടെ ലോക്സഭയില്‍ സ്ത്രീകളുടെ അംഗബലം 180 ആയി വര്‍ധിക്കും.  140 അംഗ കേരള നിയമസഭയില്‍ 46 സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടും.
 
ഛത്തിസ്ഗഡാണ് നിലവില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവുമധികമുള്ള നിയമസഭ.(14.4%). പശ്ചിമബംഗാള്‍ (13.7 %) രണ്ടാമതും ജാര്‍ഖണ്ഡ് (12. 4%) മൂന്നാമതുമാണ്. ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് ഡല്‍ഹി എന്നിവിടങ്ങളില്‍ 10 നും പന്ത്രണ്ട് ശതമാനത്തിനും ഇടയിലാണ് സ്ത്രീ പ്രാതിനിധ്യം. എന്നാല്‍ കേരളവും തമിഴ്നാടും കര്‍ണാടകയും അടക്കം 15 സംസ്ഥാനങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് വനിതാ അംഗങ്ങളുടെ എണ്ണം.
 
ബില്‍ പാസാകുമോ?
 
വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് കോണ്‍ഗ്രസാണ്. ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബിആര്‍എസും ബില്ലില്‍ കേന്ദ്രത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. ഇടതുപാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കില്ല. ബില്ലിനെ സ്വാഗതം ചെയ്തുവെങ്കിലും തിടുക്കപ്പെട്ട് ബില്‍ അവതരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അനായാസം ബില്‍ പാസാക്കാമെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Women Reservation Bill; Provisions, Challenges

MORE IN INDIA
SHOW MORE