
കാമുകന്റെ ആവശ്യങ്ങള്‍ക്കായി ലോണെടുത്തു നല്‍കിയ ഐടി ജീവനക്കാരി ഇഎംഐഅടയ്ക്കാനാവാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കി. ബിടി കവാഡെ പരിസരത്ത് താമസിക്കുന്ന 25കാരി രസികെ രവീന്ദ്ര ദിവാതെയാണ് കാമുകന്റെ ചതിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ലോണടക്കാമെന്ന ഉറപ്പിന്‍മേലാണ് രസിക കാമുകന് ലോണെടുത്ത് നല്‍കിയതും കാര്‍ വാങ്ങിച്ചുകൊടുത്തതും. രസികയുടെ അമ്മ ചന്ദ്ര ദിവാതെയുടെ പരാതിയില്‍ 27കാരന്‍ ആദര്‍ശ് അജയ്കുമാര്‍ മേനോനെ പൊലിസ് അറസ്റ്റ് ചെയ്തു. ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രസികയും ആദര്‍ശും ജനുവരി മാസം മുതല്‍ പ്രണയത്തിലായിരുന്നു.
ഏപ്രില്‍ മാസത്തില്‍ ഡൗണ്‍ പേമെന്റ് നല്‍കി രസിക ആദര്‍ശിനു ഒരു കാര്‍ വാങ്ങിച്ചു കൊടുത്തു. പണം താന്‍ തിരിച്ചടച്ചോളാമെന്നും ഇഎംഐ അടയ്ക്കാന്‍ പണം നല്‍കാമെന്നും ആദര്‍ശ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് രസിക ലോണെടുത്തു നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മൂന്ന് ലക്ഷം രൂപയാണ് രസിക ആദര്‍ശിനു നല്‍കിയത്. അത്കൂടാതെ രണ്ടേമുക്കാല്‍ ലക്ഷം രൂപ പേഴ്സണ്‍ലോണെടുത്തും നല്‍കി. ഓണ്‍ലൈന്‍ ആപ്പ് വഴിയും പണം വാങ്ങിനല്‍കിയെന്നാണ് സൂചന. എന്നാല്‍ ഇഎംഐ അടയ്ക്കാന്‍ ആദര്‍ശ് പണം നല്‍കാത്തതിനെത്തുടര്‍ന്ന് രസിക കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അമ്മ പൊലിസിനു മൊഴി നല്‍കി. ഇക്കാരണത്താല്‍ ഇരുവരും തമ്മില്‍ ഇടക്കിടെ വഴക്കുമുണ്ടായിരുന്നെന്ന് അമ്മ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രസികയുടെ സുഹൃത്താണ് അമ്മയയെ വിളിച്ച് രസിക ആദര്‍ശിന്റെ ഫ്ലാറ്റില്‍വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് വിളിച്ചു പറയുന്നത്.
ആശുപത്രിയിലേക്ക് താനെത്തും മുന്‍പേ മകള്‍ മരിച്ചിരുന്നെന്നും അമ്മ പറഞ്ഞു. ആദര്‍ശിനോട് കാര്യം തിരക്കിയപ്പോള്‍ പുലര്‍ച്ചെ 3വരെ ഇരുവരും വഴക്കായിരുന്നെന്നും ശേഷം രസിക മുറിയില്‍ കയറി വാതിലടച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും ആദര്‍ശ് പറഞ്ഞു. ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ആദര്‍ശ് രസികയെ ആശുപത്രിയിലെത്തിച്ചത്.
Pune techie ends life after boyfriend refused to pay the EMI loan amount