
വനിതാ സംവരണ ബില്ലിന്‍റെ ക്രെഡിറ്റിനെയും അവതരിപ്പിച്ച രീതിയെയും ചൊല്ലി ഭരണ പ്രതിപക്ഷ വാക്പോര്. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവും ധനമന്ത്രിയും ഏറ്റുമുട്ടി. ബില്‍ അവതരണത്തിനിടെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഭയില്‍ നിന്ന് പോയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിലെ ആദ്യ ഏറ്റുമുട്ടല്‍ വനിത സംവരണ ബില്ലിനെച്ചൊല്ലി. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്ലുള്ളപ്പോള്‍ എന്തിനാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം. രാജ്യസഭ പാസാക്കിയ ബില്‍ ലോക്സഭയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ലോക്സഭയുടെ കാലാവധി തീര്‍ന്നതോടെ ബില്‍ അസാധുവായെന്ന് സര്‍ക്കാര്‍. അവതരണത്തിന് മുന്‍പ് ബില്ലിന്‍റെ അച്ചടിച്ച പകര്‍പ്പ് നല്‍കിയില്ലെന്ന് പ്രതിപക്ഷം. ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിട്ടുണ്ടെന്നും പുതിയകാലഘട്ടത്തിന്‍റെ സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മാറുകയാണെന്നും സര്‍ക്കാരിന്‍റെ മറുപടി. നേരത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ തിടുക്കപ്പെട്ട് ബില്‍ കൊണ്ടുവന്നതെന്തിനെന്ന് പ്രതിപക്ഷം. ഇന്നലെ വൈകീട്ട് കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കിയതിന് പിന്നാലെ സപ്ലിമെന്‍ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാരിന്‍റെ വിശദീകരണം. രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്‍റെയും മന്‍മോഹന്‍ സിങ്ങിന്‍റെയും കാലത്ത് വനിത സംവരണത്തിന് ശ്രമിച്ചിരുന്നതായി അധിര്‍ രഞ്ജന്‍ ചൗധരി. ചിലപ്പോള്‍ ലോക്സഭയും മറ്റുചിലപ്പോള്‍ രാജ്യസഭയും ബില്‍ പാസാക്കിയിരുന്നുവെന്നും ചൗധരി അവകാശപ്പെട്ടു. ലോക്സഭ ബില്‍ പാസാക്കിയിട്ടില്ലെന്നും വസ്തുവിരുദ്ധമായ പ്രസ്താവന അധിര്‍ രഞ്ജന്‍ ചൗധരി പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഈ ബഹളത്തിനിടെയാണ് കേന്ദ്ര നിയമമന്ത്രി ബില്‍ അവതരിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളില്‍ വിദ്യാഭ്യാസം കുറവാണെന്നും ദുര്‍ബലരായ സ്ത്രീകളെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളാക്കുന്നതെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഖര്‍ഗെയുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി ശാക്തീകരിച്ചുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കി.